Sorry, you need to enable JavaScript to visit this website.

കോസ്റ്റല്‍ പോലീസ് അനധികൃതമായി ബോട്ടുകള്‍ പിടച്ചെടുക്കുന്നു, തലായിയില്‍ സംഘര്‍ഷം

തലശ്ശേരി - തലായി ഫിഷിംഗ് ഹാര്‍ബറില്‍ കോസ്റ്റല്‍ പോലീസ് അനധികൃതമായി ബോട്ടുകള്‍ പിടച്ചെടുക്കുന്നതായി പരാതി. ഇന്ന് മൂന്ന് ബോട്ടുകളും കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ബോട്ടുകളും പിടികൂടി.
ഇന്ന്  ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച പോലീസും ഇത് തടയാന്‍ ശ്രമിച്ച ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളും തമ്മില്‍ പോലീസുമായി വലിയ വാക്കേറ്റവും ബഹളവും ഉണ്ടായി

തലശ്ശേരി കോസ്റ്റല്‍ പോലീസ്  അകാരണമായി ബോട്ടുകള്‍ പിടിച്ചെടുക്കുന്നതിനെതിരെ രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തി. മുന്‍ കാലങ്ങളില്‍ ഇതുപോലെ പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഫൈന്‍ ഇട്ടതാണ് മത്സ്യ തൊഴിലാളികളെ പ്രകോപിപ്പിച്ചത്.

ഡി.സി.സി മെമ്പര്‍ കെ. ശിവദാസന്‍, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെകട്ടറി എം.വി. സതീശന്‍, യൂത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവര്‍ പോലീസുമായും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു താല്‍ക്കാലിക പരിഹാരം ഉണ്ടാക്കി. പോലീസും മത്സ്യത്തൊഴിലാളികളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നും ധാരണയായി.

കരയില്‍ നിന്നു 5 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് ഉള്ള  കടലില്‍ മാത്രമേ ചെറു ബോട്ടുകള്‍ക്ക് മത്സ്യം പിടിക്കാവൂ എന്ന നിയമം ലംഘിച്ചു ചെറിയ ബോട്ടുകള്‍ മത്സ്യം പിടിക്കുന്നവെന്ന് പറഞ്ഞാണ് തീരദേശ പോലീസ് ഇന്നലെയും ഇന്നുമായി 5 ബോട്ടുകള്‍ പിടിച്ചെടുത്തത്. 5  നോട്ടിക്കല്‍ മൈലിനുള്ളില്‍  ചെറിയ ബോട്ടുകള്‍ മത്സ്യം  പിടിച്ചെന്ന് പോലീസ് പറയുന്നത് പൂര്‍ണമായും കളവാണെന്നും 40 മീറ്റര്‍ വലിപ്പമുള്ള ബോട്ടുകള്‍ കടല്‍ നിയമങ്ങള്‍ പാലിച്ചു മാത്രമാണ് തലായിയില്‍  മത്സ്യം പിടിക്കുന്നതെന്നും മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

എന്നാല്‍ 110  മീറ്റര്‍ വലിപ്പമുള്ള യന്ത്രവല്‍കൃത ബോട്ടുകള്‍ ആഴക്കടലില്‍ മത്സ്യം പിടിക്കുന്നതിനു പകരം  കരയില്‍ നിന്നും 3 മീറ്റര്‍ നോട്ടിക്കല്‍ മൈലില്‍  വന്ന് പോലും മത്സ്യം പിടിക്കുന്നു. ഇത് തടയാത്ത തീരദേശ പോലീസ് വലിയ യന്ത്രവല്‍കൃത ബോട്ടുകളെയും ബോട്ടുടമകളെയും സഹായിക്കാനാണ്  ചെറു ബോട്ടുകള്‍ പിടിക്കുന്നതെന്ന്  ഡി.സി.സി  മെമ്പര്‍ കെ.ശിവദാസന്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെകട്ടറി എം.വി സതീശന്‍ എന്നിവര്‍ ആരോപിച്ചു.

വലിയ യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്ക് കടലില്‍ യഥേഷ്ടം എവിടെയും മത്സ്യം പിടിക്കാന്‍ കൂട്ടുനില്‍ക്കുന്ന തലശ്ശേരിയിലെ തീരദേശ പോലീസ്, ചെറിയ ബോട്ടുകള്‍ അന്യായമായി പിടിച്ചെടുത്തു വന്‍ പിഴ ഈടാക്കുന്നത് തടയണമെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ ഫിഷറീസ് മന്ത്രി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Latest News