Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയില്‍ സ്വകാര്യ ബാങ്കുകള്‍ ഒന്നൊന്നായി തകരുന്നു, നഷ്ടമായത് രണ്ടായിരം കോടി.. അമിത പലിശ മോഹിച്ചവര്‍ വഴിയാധാരമായി

പത്തനംതിട്ട- സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് മൂന്നു കൊല്ലം കൊണ്ട് പത്തനംതിട്ടക്കാര്‍ക്ക് നഷ്ടമായത് രണ്ടായിരം കോടിയോളം രൂപ. ഇതില്‍ 1500 കോടി രൂപ മൂന്നു കൊല്ലം മുമ്പ് കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ബാങ്കിന്റെ തകര്‍ച്ച മൂലമാണ് നഷ്ടമായത്. അതിനു ശേഷം കുറിയന്നൂര്‍ ആസ്ഥാനമായ പി.ആര്‍.ഡി ചിട്ടിഫണ്ടാണ് തകര്‍ന്നത്. മുന്നൂറ് കോടി രൂപയോളമാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ഡി. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പി.ആര്‍.ഡി ചിട്ടിഫണ്ട് പൊളിഞ്ഞപ്പോള്‍ സഹോദരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ പി.ആര്‍.ഡി എന്നതിന് പകരം ജി ആന്റ്  ജി എന്ന പേരിട്ട് മുഖം മിനുക്കി നിക്ഷേപകരുടെ വിശ്വാസം പിടിച്ചു വാങ്ങി.
എന്നാല്‍ ഈ മാസം ഒന്നിന് ജി ആന്റ് ജി യുടെഎല്ലാ ബ്രാഞ്ചുകളും പൂട്ടി ഉടമകള്‍ മുങ്ങി. പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ച ജി. ആന്റ് ജി ഫൈനാന്‍സ് 150 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പോലീസിന്റെ സംശയം വിവിധ സ്‌റ്റേഷനുകളില്‍ ആയി ഇതുവരെ എണ്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പരാതികളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടാമെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ഉടമകളായ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു.എസ് നായര്‍, മകന്‍ ഗോവിന്ദ്,  ഭാര്യ രേഖ ലക്ഷ്മി എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. നാല് പേരും ഒളിവിലാണ്.
ഹെഡ് ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കോയിപ്പുറം പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുള്ളത്. ഇതുവരെ 60 കേസെടുത്തിട്ടുണ്ട് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്നു ജില്ലകളിലായി 40 ശാഖകളാണ് സ്ഥാപനത്തിന് ഉണ്ടായിരുന്നത്. 16 ശതമാനം പലിശയാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്തിരുന്നത് സ്ഥിരനിക്ഷേപം സ്വീകരിക്കാനുള്ള റിസര്‍വ്ബാങ്ക് അനുമതിയും ഇവര്‍ക്ക് ഇല്ലായിരുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് ക്യാഷ് രസീത് മാത്രമാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെ എല്ലാ നിക്ഷേപകര്‍ക്കും പലിശ നല്‍കിയിരുന്നു. കഴിഞ്ഞ മാസം ജനുവരി 13ന് നിക്ഷേപകരുടെ യോഗം സ്ഥാപന ഉടമ വിളിച്ചുകൂട്ടി. ഒരു ലക്ഷം നിക്ഷേപിച്ചവര്‍ക്ക് മാസം ആയിരം രൂപ പലിശ തരാം എന്ന് നിക്ഷേപകരെ അറിയിച്ചു. എന്നാല്‍ നിക്ഷേപരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇത് രണ്ടായിരമായി വര്‍ധിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം കുടുംബത്തോടെ ഒളിവില്‍ പോവുകയായിരുന്നു. ഏറെപ്പേരും ഇതുവരെ പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്‌സ് നിയമം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 1600ഓളം നിക്ഷേപകരാണ് നിലവില്‍ സ്ഥാപനത്തില്‍ ഉള്ളത്. 12ന് കുറിയന്നൂരില്‍ ഉള്ള ഇവരുടെ വീടിന് സമീപം നിക്ഷേപകരുടെ യോഗവും നടത്തിയിരുന്നു. ഇപ്പോള്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.
ഓമല്ലൂര്‍ ആസ്ഥാനമായി നന്നായി പ്രവര്‍ത്തിച്ചു വന്ന തറയില്‍ ബാങ്കേഴ്‌സിലേക്ക് 150 കോടിയോളം നിക്ഷേപമെത്തി. ഇത്രയും തുകയുടെ ബിസിനസ് നടത്താന്‍ തറയില്‍ ബാങ്കിന് ശേഷിയില്ലാതെ വന്നപ്പോള്‍ തുക പോപ്പുലര്‍ ബാങ്കില്‍ നിക്ഷേപിച്ചതാണ് തറയില്‍ ബാങ്ക് പൊളിയാന്‍ കാരണം.
ഇപ്പോള്‍ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പില്‍ ഫിനാന്‍സ് പ്രതിസന്ധിയിലാണന്ന് ഉടമ തന്നെ സമ്മതിച്ചു. ബാങ്കിന് ആസ്തിയുണ്ടന്നും നിക്ഷേപകര്‍ കൂട്ടമായി എത്തിയാല്‍ പണം തരാന്‍ നിവൃത്തിയില്ലെന്നും ഉടമ എന്‍.എം.രാജു വ്യക്തമാക്കി.
വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള സ്ഥാപനമാണ് ഇത്. ഇതിലെ ഒരു നിക്ഷേപകന്റെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നത് ശരിയാണ്. പരാതി ലഭിച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. അത് സ്വാഭാവിക നടപടിയുടെ ഭാഗമാണ്. സാമ്പത്തിക പ്രതിസന്ധി കോവിഡ് കാലത്ത് ബാധിച്ചതാണ്. തന്റെ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല എല്ലാ ധനകാര്യ സ്ഥാപനങ്ങളേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. ചിലര്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി താന്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. കൂടാതെ വ്യാപാര വ്യവസായ മേഖലയിലും പൊതുരംഗത്തും സജീവമാണ്. അതുകൊണ്ടുതന്നെ പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടുവാന്‍ തനിക്ക് കഴിയില്ല. പ്രതിസന്ധി  തരണം ചെയ്തുകൊണ്ട് മുമ്പോട്ടു പോകുവാനാണ് തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്നും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവു കൂടിയായ എന്‍.എം.രാജു നെടുംപറമ്പില്‍ പറഞ്ഞു.
വന്‍ തുക സ്വകാര്യ ബാങ്കുകളിലേക്ക് നിക്ഷേപമായി എത്തുന്നുണ്ടങ്കിലും അതിനു തക്ക ബാങ്കിംഗ് ബിസിനസ് ഇല്ലാത്തതിനാലാണ് ബാങ്കുകള്‍ പ്രതിസന്ധിയിലാവാന്‍ കാരണം. അവസാനം വിത്തെടുത്തുകുത്തുന്നതോടെയാണ് ബാങ്കുകള്‍ക്ക് പൂട്ട് വീഴുന്നത്. പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് പിന്നാലെ ഒട്ടേറെ ചെറുകിട ഫിനാന്‍സിംഗ് സ്ഥാപനങ്ങളും പൊട്ടിയിട്ടുണ്ട്. ഭൂരിഭാഗം ബാങ്കുകളും തകര്‍ച്ചയുടെ വക്കില്‍ തന്നെയാണിപ്പോഴും.

 

Latest News