Sorry, you need to enable JavaScript to visit this website.

ആറ്റിങ്ങലില്‍ വി. ജോയി ഇടതു സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ലാ സെക്രട്ടറിയും വര്‍ക്കല എം.എല്‍.എയുമായ വി. ജോയി വന്നേക്കും. കഴിഞ്ഞ തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി എ. സമ്പത്തായിരുന്നു. അടൂര്‍ പ്രകാശിനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് ഇത്തവണയും തുടര്‍ന്നേക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അദ്ദേഹം ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കും കടന്നിട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റില്‍ നടന്ന ചര്‍ച്ചകളില്‍ ജോയിയുടെ പേരാണ് ഉയര്‍ന്നത്. മറ്റുപേരുകളൊന്നും ഉയര്‍ന്നില്ല.

ജോയി നിലവില്‍ എം.എല്‍.എ ആയിരിക്കുന്ന വര്‍ക്കല നിയോജക മണ്ഡലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലുള്ള ഏഴ് നിയമസഭാ സീറ്റുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത്. മണ്ഡലത്തിലെ ഈ മുന്‍തൂക്കം എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

 

 

Latest News