Sorry, you need to enable JavaScript to visit this website.

പുല്‍പള്ളിയില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി, പോളിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി

പുല്‍പള്ളി- വന്യമൃഗശല്യത്തിനു പരിഹാരവും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു  പാക്കം വെള്ളച്ചാലില്‍ പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട്  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ശക്തമായ ജനകീയ സമരം നടക്കുന്ന പുല്‍പള്ളിയില്‍ സംഘര്‍ഷം. ഉച്ചയോടെ സമരക്കാരും പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്നു പോലീസ് ലാത്തിവീശി.
വെള്ളിയാഴ്ച രാവിലെ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മരിച്ച പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ വച്ച് ജനക്കൂട്ടം പ്രതിഷേധിച്ചിരുന്നു.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു രാവിലെ വിട്ടുകിട്ടിയ മൃതദേഹം ആംബുലന്‍സില്‍ ബസ്റ്റാന്‍ഡില്‍ എത്തിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. മൃതദേഹം പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടന്‍ നല്‍കാനും സമാശ്വാസധനമായി 40 ലക്ഷം രൂപകൂടി അനുവദിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പിക്കാനും തീരുമാനമായി. പോളിന്റെ ഭാര്യക്ക് സ്ഥിരം ജോലി ലഭ്യമാക്കുമെന്നും മകളുടെ വിദ്യാഭ്യാസ ച്ചെലവ് ഏറ്റെടുക്കുമെന്നും സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ചര്‍ച്ചയ്ക്കുശേഷം സമരസ്ഥലത്ത് എത്തിയ എം.എല്‍.എമാരില്‍ ടി. സിദ്ദീഖ്, മൃതദേഹത്തോട് അനാദരവ് കാട്ടരുതെന്നും സംസ്‌കാരത്തിനു മുന്നോടിയായി വീട്ടിലേക്ക് മാറ്റണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിനുശേഷം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ചു. ഈ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജനങ്ങളില്‍ ഒരു വിഭാഗം പ്രകോപിതരായി. ഇവര്‍ എം.എല്‍.എമാരോട് കയര്‍ത്തു. ഇതിനിടെ എം.എല്‍.എമാര്‍ക്കുനേരെ കുപ്പി, കസേര ഏറും ഉന്തും തള്ളും ഉണ്ടായി. ഈ സാഹചര്യത്തിലാണ് പോലീസ് ലാത്തിവീശിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ പോലീസ് പുല്‍പള്ളിയില്‍ എത്തിയിട്ടുണ്ട്.

 

Latest News