കൊച്ചി- ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.നിര്‍ബന്ധിത നിബന്ധനകള്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും കത്തുകൊടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമാകാതിരുന്നാല്‍ മാത്രമേ 22 മുതല്‍ പുതിയ സിനിമകളുടെ റിലീസിംഗ് നിര്‍ത്തിവെക്കൂവെന്നും ഫിയോക് പ്രസിഡണ്ട് വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയിലെ നാലോ അഞ്ചോ പേര്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ള കമ്പനിയുടെ പ്രൊജക്ടറുകള്‍ സ്ഥാപിക്കാന്‍ തീയറ്ററുടമകള്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദമാണ് ഉണ്ടാകുന്നത്. ഈ കമ്പനികള്‍ക്ക് മുഴുവന്‍ കരാറുകളും നല്‍കണമെന്നാണ് നിര്‍ബന്ധിക്കുന്നത്. അവര്‍ നിര്‍ദേശിക്കുന്ന പ്രൊജക്ടര്‍ വെക്കുന്നില്ലെങ്കില്‍ സിനിമ തരില്ലെന്ന നിലപാട് അംഗീകരിക്കില്ല. തീയറ്ററുകള്‍ മോടിപിടിപ്പിച്ചും സ്‌ക്രീനുകള്‍ കൂട്ടിയും തീയറ്റര്‍ വ്യവസായികള്‍ നഷ്ടത്തിനിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ സമ്മര്‍ദത്തിലാക്കി ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. ഏത് പ്രൊജക്ടര്‍ സ്ഥാപിക്കണമെന്ന് തീരുമാനിക്കുന്നത് തിയറ്റര്‍ ഉടമയുടെ അവകാശമാണ്. അതിന് അനുയോജ്യമായ ഫോര്‍മാറ്റില്‍ സര്‍വീസ് ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് വിജയകുമാര്‍ പറഞ്ഞു.