വെളിച്ചംനഗര്‍ (കരിപ്പൂര്‍)- പാര്‍ലമെന്റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി മത പുരോഹിതന്റെ വേഷം കെട്ടുമ്പോള്‍ അതു ചോദ്യം ചെയ്യാന്‍ രാജ്യത്ത് പ്രതിപക്ഷം ഉണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മണിപ്പൂരില്‍ അതിക്രമത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിച്ച് സമാശ്വസിപ്പിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി ദൈവങ്ങള്‍ക്ക് പ്രാണന്‍ നല്‍കാന്‍ നേതൃത്വം നല്‍കുന്നത് രാജ്യത്തെ സംബന്ധിച്ച് ദുരന്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികള്‍ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ പോലും കഴിയാതെ ദേശീയ മാധ്യമങ്ങള്‍ മോദി മീഡിയ ആയി അധഃപതിച്ച ഘട്ടത്തില്‍ കേരളത്തില്‍ മാത്രമേ സത്യം വിളിച്ചു പറയാന്‍ ത്രാണിയുള്ള മാധ്യമങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. 75 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി മതപരമായ വിഷയം മുന്‍നിര്‍ത്തി ഒരു ചര്‍ച്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. പാര്‍ലമെന്റംഗങ്ങള്‍ ജനങ്ങളോടും ഭരണഘടനയോടും പ്രതിബദ്ധത കാണിച്ചില്ലെങ്കില്‍ അത് നിഷ്പ്രഭമാകുമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തില്‍, മതം രാഷ്ട്രം സമൂഹം യുവത പറയുന്നു വിഷയത്തില്‍ നടന്ന യൂത്ത് ഇനിഷ്യേറ്റിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ബി ജെ പി കോടികള്‍ റാഞ്ചിയെടുത്ത ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം അസ്ഥിരപ്പെടുത്തിയ സുപ്രിം കോടതി വിധി പ്രതീക്ഷാ നിര്‍ഭരമാണ്. 1999ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമ്പതിനായിരം കോടി ചെലവിട്ട ബി ജെ പി പേശീബലവും പണാധിപത്യവും വഴി ജനാധിപത്യത്തെ വിഴുങ്ങുമ്പോള്‍ പോംവഴിയെക്കുറിച്ച് മതേതര വിശ്വാസികള്‍ കൂട്ടായി ആലോചിച്ച് തീരുമാനെടുക്കണമെന്നും ഈ സമ്മേളനം ആ ദിശയില്‍ ആശാവഹമായ മുന്നേറ്റമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷനായി. ജൗഹര്‍ അയനിക്കോട് വിഷയം അവതരിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അധ്യക്ഷന്‍ സി ടി സുഹൈബ്, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി, ഐഎസ്എം സംസ്ഥാന സെക്രട്ടറി ശരീഫ് കോട്ടക്കല്‍ ചര്‍ച്ചയില്‍ സംസാരിച്ചു. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ഐഎസ്എം സംസ്ഥാന സെക്രട്ടറി റിഹാസ് പുലാമന്തോള്‍, ഡല്‍ഹി മൈല്‍സ് ടു മൈല്‍സ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആസിഫ് മുജ്തബ എന്നിവര്‍ പ്രസംഗിച്ചു.
ക്രിയേറ്റിവ് ഡിസൈനര്‍ സി മാഹിന്‍, യുവ കഥാകൃത്ത് മുഖ്താര്‍ ഉദരംപൊയില്‍, ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എം എ അബ്ദുല്‍ ഗഫൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യുവത പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങള്‍ വക്കം ഷഹ്മിയ സലാഹുദ്ദീന് നല്‍കി അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം പ്രകാശനം ചെയ്തു.