Sorry, you need to enable JavaScript to visit this website.

അപൂര്‍വ രോഗങ്ങള്‍ക്കെതിരെ കേരളത്തിന്റെ കെയര്‍ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം- അപൂര്‍വരോഗ ചികിത്സാരംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവെപ്പായി 'കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്' അഥവാ കെയര്‍ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും നിലവില്‍ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും തെറാപ്പികള്‍ സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പു വരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക സാമൂഹിക പിന്തുണ ഉറപ്പുവരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതിയാകുമിത്. പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപൂര്‍വരോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അയ്യായിരത്തില്‍ അധികം അപൂര്‍വ രോഗങ്ങളാണുള്ളത്. പതിനായിരം പേരില്‍ ശരാശരി ഒന്നുമുതല്‍ ആറുവരെ ആളുകളെ ബാധിക്കുന്ന രോഗങ്ങളെയാണ് അപൂര്‍വ രോഗങ്ങളായി കണക്കാക്കി വരുന്നത്. 2021 ലെ ദേശീയ അപൂര്‍വരോഗനയ പ്രകാരം ദേശീയതലത്തില്‍ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കേന്ദ്രം എസ്എടി ആശുപത്രിയാണ്. ഇതിനായി 3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രനയപ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വരോഗപരിചരണത്തിന് ഒരു സമഗ്ര നയരൂപീകരണം ലക്ഷ്യമിടുന്നത്.

 

Latest News