തിരുവനന്തപുരം- റേഡിയോ ജോക്കിയായ യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
ഫെബ്രുവരിന് മൂന്നിന് രാത്രി 7.45ന് എ.കെ.ജി. സെന്ററിന് സമീപത്താണ് സംഭവം. യുവതിയെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും മര്യാദയില്ലാതെ പെരുമാറിയെന്നുമാണ് പരാതി. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
അശ്ലീലം പറയുക, സ്ത്രീകളുടെ മാന്യതയെ അപമാനിക്കുക, സ്ത്രീകളെ പിന്തുടരുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ലെന്ന് പോലീസ് പറഞ്ഞു. ഇരുചക്രവാഹനത്തിലെത്തിയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കുമെന്ന് കന്റോണ്‍മെന്റ് എസ്.ഐ. ദില്‍ജിത്ത് അറിയിച്ചു.