കല്‍പറ്റ- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍. വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ അജീഷ് കഴിഞ്ഞ 10ന് രാവിലെയാണ് മോഴയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് തെക്കേ വയനാട്ടിലെ പുല്‍പള്ളിക്ക് സമീപം ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച കുറുവ ഇക്കോ ടൂറിസം സെന്റര്‍ ഗൈഡ് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തെത്തുര്‍ന്ന് മരിച്ചത്.
കര്‍ണാടക വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നിവിട്ട ബേലൂര്‍ മഖ്‌ന എന്ന ആനയാണ് അജീഷിന്റെ ജീവനെടുത്തത്. ജനവാസകേന്ദ്രത്തില്‍നിന്നു തുരത്താന്‍ വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അജീഷ് അപകടത്തില്‍പ്പെട്ടത്. ഗേറ്റ് ചാടിക്കടന്ന് അജീഷ് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് പിന്‍തുടര്‍ന്ന ആന മുറ്റത്ത് വീണുപോയ അജീഷിനെ ചവിട്ടുകയായിരുന്നു. അജീഷിന്റെ പ്രാണനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാന്‍ വനം ദൗത്യസേന നടത്തുന്ന ശ്രമം വെള്ളിയാഴ്ചയും ലക്ഷ്യത്തിലെത്തിയില്ല.
പത്തുവര്‍ഷമായി ചെറിയമല വന സംരക്ഷണ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന പോള്‍ ജോലിക്കിടെയാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണ് കുറുവ ദീപിന്റെ ചെറിയമല ഭാഗത്ത് വിനോദസഞ്ചാരം. സന്ദര്‍ശകര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് രാവിലെ ഒമ്പതരയോടെ ചെറിയമല ജംഗ്ഷനില്‍ എത്തിയതായിരുന്നു പോള്‍. പുല്‍പള്ളിയില്‍നിന്നു ചേകാടി ഗ്രാമത്തിലേക്കുള്ള വനപാതയിലാണ് ചെറിയമല ജംഗ്ഷന്‍. ധാരാളം കാട്ടാനകള്‍ ഉള്ളതാണ് ചേകാടി വനം. ചേകാടി റോഡില്‍ യാത്രക്കാര്‍ കാട്ടാനയുടെ പിടിയില്‍നിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട കഥകള്‍ നിരവധിയാണ്.
നിര്‍ധന കുടുംബത്തിന്റെ നെടുന്തൂണായിരുന്നു പോള്‍. തുണ്ട് ഭൂമിയും ചെറിയ വീടും മാത്രമുള്ള അദ്ദേഹം വന സംരക്ഷണ സമിതി ജീവനക്കാരന്‍ എന്ന നിലയില്‍ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുടുംബം പോറ്റിയിരുന്നത്.
കാട്ടാനയും കടുവയും അടക്കം വന്യജീവികള്‍ മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അസ്വാസ്ഥ്യം പുകയുകയാണ് വനത്തിനു അകത്തും പുറത്തുമുള്ള പ്രദേശങ്ങളില്‍. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ജനം നിയമം കൈയിലെടുക്കാന്‍ വൈകില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ പൊതുരംഗത്തടക്കം നിരവധിയാണ്.