Sorry, you need to enable JavaScript to visit this website.

ഊരാളുങ്കല്‍ കഥകളും കാര്യങ്ങളും പ്രസിദ്ധീകരിച്ചു

കോഴിക്കോട്- ഊരാളുങ്കല്‍ കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ സമഗ്രചരിത്രം പ്രതിപാദിക്കുന്ന 'ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്‍ പുസ്തകം ഏറ്റുവാങ്ങി. 

മാധ്യമപ്രവര്‍ത്തകനായ മനോജ് കെ. പുതിയവിള രചിച്ച പുസ്തകത്തിന് സൊസൈറ്റിയുമായി ആദ്യകാലം മുതലേ അടുപ്പം പുലര്‍ത്തുന്ന പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭനാണ് അവതാരിക എഴുതിയിട്ടുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഭാഗമാകുന്നതോടെ തൊഴിലാളികള്‍ക്കുണ്ടാകുന്ന ആത്മപരിണാമം ആവിഷ്‌ക്കരിക്കുന്ന പുറം ചട്ട രചിച്ചത് സൊസൈറ്റിയുടെ നാട്ടുകാരികൂടിയായ അമ്പിളി വിജയന്‍ ആണ്. 

മറ്റൊരു സഹകരണസ്ഥാപനമായ കേരള ഗ്രന്ഥശാലാ സഹകരണസംഘം ആണു പ്രസാധകര്‍. കഥകളും തൊഴിലാളികളുടെയും നാട്ടുകാരുടെയും അനുഭവവിവരണങ്ങളും കൗതുകകരമായ സംഭവങ്ങളും കോര്‍ത്തിണക്കി ലളിതവായനയ്ക്കായി തയ്യാറാക്കിയിട്ടുള്ളതാണു പുസ്തകം. 

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന 15 പുസ്തകങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണിത്. വാഗ്ഭടാനന്ദ ദര്‍ശനം, വാഗ്ഭടാനന്ദനെപ്പറ്റിയുള്ള ലേഖനങ്ങളുടെ സമാഹാരം, ഭിന്നശേഷിക്കാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനമാര്‍ഗ്ഗങ്ങള്‍, വി. ആര്‍. നായനാരും സഹകരണ മേഖലയുടെ ആദ്യനാളുകളും, ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവത്തിലൂടെ ജനപക്ഷ വികസന ബദല്‍, തൊഴില്‍ സൃഷ്ടിയും വൈവിധ്യവത്ക്കരണവും, നൈപുണ്യവികസനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളാണ് ഒരു വര്‍ഷത്തെ ആഘോഷ കാലയളവില്‍ പ്രസിദ്ധീകരിക്കുന്നത്.

Latest News