Sorry, you need to enable JavaScript to visit this website.

പുല്‍പള്ളിയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ഉത്തരവ്

ഫയല്‍ ചിത്രം

കല്‍പറ്റ-സൗത്ത് വയനാട് വനം ഡിവിഷിനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ജനവാസകേന്ദ്രത്തില്‍ ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ഉത്തരവ്.  വ്യാഴാഴ്ച സി.സി.എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്. ദീപ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന മുഖ്യ വനം-ജീവി പാലകന്റെ ഉത്തരവ്. മയക്കുവെടിവെച്ച് പിടിക്കുന്ന മുറയ്ക്ക് കടുവയെ വനത്തില്‍ വിടണമെന്നാണ് ഉത്തരവില്‍.
ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ഫെബ്രുവരി ഒന്നു മുതല്‍ കടുവ സാന്നിധ്യം. വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതും ജനം ഭീതിയിലായതും കണക്കിലെടുത്ത്  സി.സി.എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ നേരത്തേ ശിപാര്‍ശ ചെയ്തതനുസരിച്ച് കടുവയെ കൂടുവെച്ച് പിടിക്കാന്‍ മുഖ്യ വനം-വന്യജീവി പാലകന്‍ ഉത്തരവായിരുന്നു. ഇതേത്തുടര്‍ന്ന് ക്യാമറ ട്രാപ്പുകളും മൂന്നു കൂട്   സ്ഥാപിച്ചതും ഫലം ചെയ്തില്ല.
കടുവയെ മയക്കുവെടിവെച്ച് പിടിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പുല്‍പള്ളിക്കടുത്ത് സുരഭിക്കവലയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു. ഇതേത്തുടര്‍ന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് മുഖ്യ വനം-വന്യജീവി പാലകന്റെ അനുമതി തേടുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഉറപ്പുനല്‍കിയിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചും 1972ലെ വന്യജീവി സരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചുമാണ് കടുവയില്‍ മയക്കുവെടി വേക്കേണ്ടതെന്നു പ്രിന്‍സിപ്പല്‍ സി.സി.എഫിന്റെ(വൈല്‍ഡ് ലൈഫ്) ഉത്തരവില്‍ പറയുന്നു.   ആളുകള്‍ സംഘടിക്കുന്നത് ഒഴിവാക്കുന്നതിനു മയക്കുവെടി പ്രയോഗത്തിനു നീക്കം തുടങ്ങുന്നതിനു മുമ്പ് ജില്ലാ ഭരണകൂടം മുഖേന പ്രദേശത്ത് നിരോധനാജ്ഞ ബാധകമാക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.

 

Latest News