Sorry, you need to enable JavaScript to visit this website.

താനൂര്‍ കസ്റ്റഡി കൊലപാതകം, സി.ബി.ഐ സംഘം മാതാവിന്റെ മൊഴിയെടുത്തു

 താനൂര്‍-താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തെളിവ് ശേഖരണത്തിനായി വീണ്ടും മലപ്പുറത്തെത്തി. താമിര്‍ ജിഫ്രിയുടെ വീട്ടില്‍ എത്തിയ സി.ബി.ഐ സംഘം മാതാവിന്റെ മൊഴിയെടുത്തു. കേസില്‍ കാലതാമസം ഉണ്ടാകുന്നതിലെ അതൃപ്തി കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍, രാസ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതോടെ ഉചിതമായ തുടര്‍നടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം കുടുംബത്തിന് ഉറപ്പുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് സര്‍ജന്റെയും മൊഴിയെടുത്തു. അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയാണ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തത്. ഫോറന്‍സിക് സര്‍ജന്റെ കൂടെ ഉണ്ടായിരുന്ന മറ്റു ഡോക്ടര്‍മാരുടെയും മൊഴികള്‍ സി.ബി.ഐ സംഘം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനായിരുന്നു നിരോധിത രാസലഹരിയായ എം.ഡി.എം.എ കൈവശം വെച്ചെന്ന കേസില്‍ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കര്‍മസേനയായ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരിച്ചു. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

 

Latest News