Sorry, you need to enable JavaScript to visit this website.

രാജാവിന്റെ അതിഥികളായി ആയിരം പേര്‍; മൂന്നാമെത്ത സംഘം മദീനയില്‍

മദീന - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചവരുടെ മൂന്നാം ബാച്ചിന്റെ വരവ് പൂര്‍ത്തിയായി. ജോര്‍ദാന്‍, ഇറാഖ്, തുനീഷ്യ, ഈജിപ്ത്, ലെബനോന്‍, അള്‍ജീരിയ, മൊറോക്കൊ, മൗറിത്താനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഛാഢ്, എത്യോപ്യ, കാമറൂണ്‍, കെനിയ, സെനഗല്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 250 പേരാണ് മൂന്നാം ബാച്ചിലുള്ളത്. മദീന സിയാറത്ത് പൂര്‍ത്തിയാക്കി ഉംറ കര്‍മം നിര്‍വഹിക്കാന്‍ സംഘം മക്കയിലേക്ക് തിരിക്കും.
മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത്, റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കല്‍, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശനം, ചരിത്ര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ഖുബാ മസ്ജിദ് സന്ദര്‍ശനം, മസ്ജിദുന്നബവി ഇമാമുമായി കൂടിക്കാഴ്ച എന്നിവയെല്ലാം സംഘത്തിന്റെ മദീനയിലെ പ്രോഗ്രാമില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ലോക രാജ്യങ്ങളില്‍ നിന്നുള്ള 1,000 പേര്‍ക്കാണ് സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. രണ്ടു ബാച്ചുകളായി 500 പേര്‍ ഇതിനകം ഉംറ കര്‍മം നിര്‍വഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. മൂന്നാം ബാച്ചിന്റെ മടക്കയാത്ര പൂര്‍ത്തിയായ ശേഷം നാലാം ബാച്ച് എത്തിത്തുടങ്ങും.


 

 

Latest News