ജിദ്ദ - ഡ്യൂട്ടിക്കിടെ ഇരിക്കുന്നതില്‍ നിന്ന് വിലക്കുന്നതായി പ്രമുഖ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സൗദി യുവതിയുടെ പരാതി. ഇരിക്കാനും വിശ്രമിക്കാനും റെസ്റ്റോറന്റ് മാനേജ്‌മെന്റ് തന്നെ അനുവദിക്കുന്നില്ല. ഉപയോക്താക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ഡ്യൂട്ടി സമയത്ത് മുഴുവന്‍ ഒരേ സ്ഥലത്ത് അനങ്ങാതെ നില്‍ക്കാന്‍ മാനേജ്‌മെന്റ് തന്നെ നിര്‍ബന്ധിക്കുകയാണ്. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വരെയാണ് തന്റെ ഡ്യൂട്ടി സമയം. ഈ സമയത്ത് ഒരിക്കലും ഇരിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല. ഡ്യൂട്ടിക്കിടെ വിശ്രമത്തിന് പ്രത്യേകം നീക്കിവെച്ച സമയത്തു മാത്രമാണ് ഇരിക്കാന്‍ സാധിക്കുന്നതെന്നും യുവതി ആവലാതിപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു സൗദി യുവതിയാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.