Sorry, you need to enable JavaScript to visit this website.

പ്രിയദര്‍ശാ, ഇത് ലോക മലയാളി സമൂഹത്തിന് അപമാനം, മോഹന്‍ലാലിന്റെ പാത പിന്തുടരേണ്ടതായിരുന്നുവെന്ന് കെ ടി ജലീല്‍

മലപ്പുറം - ദേശീയ സിനിമാ പുരസ്‌കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേര് വെട്ടിയ സംഭവത്തില്‍ പ്രമുഖ മലയാള സംവിധായകന്‍ പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകള്‍ വെട്ടിമാറ്റാനുള്ള ശിപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായിയെന്ന് ജലീല്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഇന്ദിരാഗാന്ധിയേയും നര്‍ഗീസ്ദത്തിനെയും
വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും!

ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.
ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ''വെട്ടിമാറ്റല്‍ സര്‍ജറിയില്‍'' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.

ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു. ''വിനാശകാലേ വിപരീത ബുദ്ധി'' എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രിയദര്‍ശാ നീയും!

Latest News