പുല്‍പള്ളി-സൗത്ത് വയനാട് വനം ഡിവിഷനിലെ ചെറിയമല ജംഗ്ഷനില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. കറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിനാണ്(52) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജോലിക്കിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ചേകാടി റോഡിലാണ് ചെറിയമല ജംഗ്ഷന്‍. ഇവിടെ കൂട്ടമായി എത്തിയ ആനകളില്‍ ഒന്നാണ് പോളിനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടപ്പോഴാണ് ആന പിന്‍വാങ്ങിയത്. പോളിനെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ,പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ പിടിക്കുന്നതിനുള്ള ശ്രമം ദൗത്യസേന ഇന്നു രാവിലെ പുനരാരംഭിച്ചു. ട്രാക്കിംഗ് സംഘം പനവല്ലി വനത്തില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജനവാസ മേഖലയ്ക്കടുത്താണ് ആനയുള്ളത്. മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ ദൗത്യസംഘത്തില്‍ ചേര്‍ന്നു. കര്‍ണാടകയില്‍നിന്നെത്തിയ 25 വനപാലകരും ഉള്‍പ്പെടുന്നതാണ് ദൗത്യസേന. ആനയെ പിടിക്കാനുള്ള പ്രയത്‌നം ഇന്ന് ഏഴാം ദിവസത്തേക്ക് കടന്നു.