കോഴിക്കോട്- ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിരെ കര്‍ണാടക ലോബിയുടെ ശക്തമായ ചരടുവലി വീണ്ടും. രണ്ടാഴ്ച മുമ്പാണ് ഈ ട്രെയിന്‍ കോഴിക്കോട് വരെ നീട്ടുമെന്ന് ഉറപ്പ് ലഭിച്ചതായി എം.കെ രാഘവന്‍ എം.പി അറിയിച്ചത്. സമയക്രമം വരെ വന്നതുമാണ്. കൊയിലാണ്ടി, വടകര, തലശേരി സ്‌റ്റോപ്പുകള്‍ പിന്നിട്ട് വൈകുന്നേരം കണ്ണൂരില്‍ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെടും. പകല്‍ സമയം മുഴുവന്‍ കണ്ണൂരില്‍ വിശ്രമിക്കുന്ന ട്രെയിനാണിത്. രാവിലെ പതിനൊന്നിന് മുമ്പ് കണ്ണൂരിലെത്തും. മൈസുരു, ഹാസന്‍, മംഗലാപുരം വഴിയാണ് യാത്ര. നീട്ടുന്ന പ്രഖ്യാപനം വന്നതു മുതല്‍ ഇതിനെതിരെ നീക്കം ശക്തമാണ്. 2007ല്‍ ആരംഭിച്ചതാണ് ഈ സര്‍വീസ്. ഇ. അഹമ്മദ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ കാലത്ത് 2012ല്‍ കണ്ണൂരിലേക്ക് നീട്ടി. അപ്പോള്‍ തന്നെ മംഗളുരു പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എതിര്‍ത്തിരുന്നു. വടക്കന്‍ കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചാല്‍ ദക്ഷിണ കന്നഡയിലുള്ളവര്‍ക്ക് ബെര്‍ത്ത് ലഭിക്കില്ലെന്നതായിരുന്നു അവരുടെ പരാതി. ഇനി കോഴിക്കോട്ടേക്ക് കൂട്ടി നീട്ടിയാല്‍ ഒരു രക്ഷയുമുണ്ടാവില്ലെന്നാണ് അവരുടെ വാദം. പെട്ടെന്ന് കോഴിക്കോടിനോട് സ്‌നേഹം വന്നിട്ടൊന്നുമല്ല ഈ ട്രെയിന്‍ സര്‍വീസ് നീട്ടുന്നതെന്നാണ് അണിയറ സംസാരം. അടുത്തിടെ മംഗളുരുവില്‍ നിന്ന് ഗോവയിലേക്ക് തുടങ്ങിയ വന്ദേഭാരതില്‍ മുപ്പത് ശതമാനത്തില്‍ താഴെയാണ് ഒക്യുപെന്‍സി. ഈ ട്രെയിന്‍ സര്‍വീസ് ഒന്നുകില്‍ നിര്‍ത്തണം, അല്ലെങ്കില്‍ കണ്ണൂര്‍ വരെ നീട്ടി രക്ഷപ്പെടാന്‍ ശ്രമിക്കണം. അതിന് തടസം കണ്ണൂരിലെ ഒരു ട്രാക്ക് ഉപയോഗപ്പെടുത്തി പകല്‍ മുഴുവന്‍ വിശ്രമിക്കുന്ന ബംഗളുരു എക്‌സ്പ്രസ്ാണ്. എന്നാല്‍ അതിനെ കോഴിക്കോടേക്ക് മാറ്റിയാല്‍ കണ്ണൂരില്‍ ഒരു ട്രാക്ക് സൗകര്യപ്രദമായി ലഭിക്കും. മംഗളുരു എം.പി നളിന്‍ കുമാര്‍ കട്ടീല്‍ ആദ്യം തന്നെ ബംഗളുരു എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. നളിന്‍ കുമാര്‍ ബി.ജ.പിയുടെ പ്രമുഖ നേതാവാണ്. കല്യാണ വീട്ടിലും മരണ വീട്ടിലും കയറിറിയറങ്ങുന്ന ടൈപ്പ് എം.പിയല്ല. ശക്തമായ സമ്മര്‍ദം ചെലുത്താന്‍ സ്വാധീനമുള്ള കര്‍ണാടകയിലെ നേതാവാണ്. അതു കഴിഞ്ഞ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവവും രംഗത്തെത്തി. ഒരു കാരണവശാലും ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവിന് അദ്ദേഹം കത്തയച്ചിട്ടുണ്ട്. മംഗളുരു ചേംബര്‍ ഓഫ് കൊമേഴ്‌സും ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും ട്രെയിന്‍ സര്‍വീസ് നീട്ടുന്നതിനെതിരാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട്ട് ട്രെയിനെത്തിയാലെത്തിയെന്ന് പറയാം. ബംഗളുരു-കോയമ്പത്തൂര്‍ ഡബിള്‍ ഡക്കര്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും രാഘവന്‍ എം.പി പതിവായി ഉന്നയിക്കാറുണ്ട്. പത്രങ്ങളുടെ ലോക്കല്‍ എഡിഷനില്‍ ഉറപ്പ് ലഭിച്ചതായി വാര്‍ത്തകളും വരാറുണ്ട്. ഷൊര്‍ണൂരില്‍ പകല്‍ വിശ്രമിക്കുന്ന വേണാട് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാര്‍ ആവശ്യപ്പെടാത്തതാണ് അത്ഭുതം. മംഗലാപുരത്ത് നിന്ന് മധുരയിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ആരംഭിക്കണമെന്ന ആവശ്യം പാലക്കാട്-പൊള്ളാച്ചി പാത ബ്രോഡ് ഗേജാക്കിയത് മുതലുള്ളതാണ്. ഇത് ഉടന്‍ നടക്കുമെന്ന് കേന്ദ്ര റെയില്‍വേ അമിനിറ്റീസ് ചെയര്‍മാനും ബി.ജെ.പി നേതാവുമായ കൃഷ്ണദാസ് പറഞ്ഞിരുന്നു. കോഴിക്കോട് എം.പിയും ഇതു സംബന്ധിച്ച് ഉറപ്പ് ലഭിച്ചുവെന്ന് പറഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു. കോവിഡ് കാലത്തിന് മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്-കണ്ണൂര്‍ -ഷൊര്‍ണൂര്‍ റൂട്ടുകളിലെ പാസഞ്ചര്‍ ട്രെയിനുകള്‍ ഇനിയും പുനംരാരംഭിച്ചിട്ടില്ല.