Sorry, you need to enable JavaScript to visit this website.

നോമ്പുകാലം വരവായി, മീനില്ല; കോഴിക്ക് വില കുത്തനെ കൂട്ടി 

കോഴിക്കോട്-കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിന്റെ ഫലമായി മലബാര്‍ തീരങ്ങളില്‍ മീന്‍ കിട്ടാക്കനിയായി. ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ഒന്നും കിട്ടാതെയാണ് തിരിച്ചു വരുന്നത്. ചൂട് കൂടിയതു കൊണ്ട് മീന്‍ സമുദ്രത്തിന്റെ താഴെ തട്ടില്‍ തന്നെ കഴിയുന്നു. ദിവസങ്ങളോളമായി ഇതേ പ്രതിഭാസമാണ്. പാവം മീന്‍ പിടുത്തക്കാര്‍ ഇന്ധനത്തിനും ബോട്ടില്‍ കഴിഞ്ഞു കൂടാനും ചെലവഴിച്ച തുക നഷ്ടം. അങ്ങകലെ ഗുജറാത്തിലെ വെരാവല്‍ തുറമുഖത്തു നിന്ന് ട്രെയിനില്‍ മൂന്നും നാലും ദിവസമെടുത്ത് കോഴിക്കോട്ടെത്തിയിരുന്ന മീനും ഇപ്പോള്‍ വരാതായി. ചീപ്പ് റേറ്റില്‍ ലഭിച്ചിരുന്ന വെരാവല്‍ മത്സ്യം ഹോട്ടലുകാര്‍ക്കും പ്രിയപ്പെട്ടതാണ്. അറബിക്കടലിനെ അപേക്ഷിച്ച് അത്ര തന്നെ ചൂടില്ലാത്ത തമിഴ്‌നാട്ടിലെ കടലില്‍ പിടിക്കുന്ന മീനാണ് ഇപ്പോള്‍ കേരളത്തിലേക്കും ബംഗളുരുവിലേക്കുമെത്തുന്നത്. മീനില്ലാത്ത സീസണായതോടെ റീട്ടെയിലുകാര്‍ ചിലരൊക്കെ കടയടച്ചു. 
മീനിന് പകരം കോഴി ഇറച്ചി വാങ്ങാമെന്ന് വെച്ചാല്‍ അവിടെയും രക്ഷയില്ല.  കേരളത്തില്‍ ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം കുറഞ്ഞതോടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് തമിഴ്നാട് - കര്‍ണാടക ലോബി. ജനുവരി അവസാനം വരെ കിലോയ്ക്ക് 140 -150 രൂപ ആയിരുന്നെങ്കില്‍ ഇന്നലെ 190 - 210 രൂപയിലെത്തി. റംസാന്‍ നോമ്പിന്റെ സാഹചര്യത്തില്‍ വില ഇനിയും വര്‍ദ്ധിച്ചേക്കും. ചൂട് കൂടിയതോടെ കേരളത്തിലെ ഫാമുകള്‍ കോഴിയുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. തീറ്റയെടുക്കുന്നത് കുറയുകയും വെള്ളം കുടിക്കുന്നത് കൂടുന്നതിനാലും കോഴിയുടെ തൂക്കം കുറയും. ശരാശരി രണ്ടര കിലോഗ്രാം തൂക്കം ലഭിക്കേണ്ട സ്ഥാനത്ത് കഷ്ടിച്ച് രണ്ട് കിലോയേ ഉണ്ടാവൂ. ചൂട് താങ്ങാനാവാതെ കോഴികള്‍ ചാവുന്നതും കൂടും. മണ്ഡലകാലത്തെ വിലയിടിവിലുണ്ടായ കനത്ത നഷ്ടം മൂലം രണ്ട് മാസത്തോളമായി കേരളത്തിലെ പല ഫാമുകളിലും കോഴികളെ വളര്‍ത്തുന്നില്ല. റംസാന്‍ നോമ്പ് സീസണ്‍ ലക്ഷ്യമിട്ട് കോഴിക്കുഞ്ഞുങ്ങളുടെ വില തമിഴ്നാട് ലോബി കുത്തനെ കൂട്ടിയിട്ടുണ്ട്. 20 രൂപയ്ക്കുള്ളില്‍ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 45 രൂപയോളം നല്‍കണം. അതേസമയം തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും ഫാമുകള്‍ക്ക് 15 -18 രൂപയ്ക്ക് നല്‍കുന്നുണ്ട്. 
 

Latest News