പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും സാധ്യത;  സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളിലെക്കുള്ള സ്ഥാനാര്‍ത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
നേരത്തെ, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫില്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും 15 സീറ്റുകളില്‍ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. 4 സീറ്റില്‍ സിപിഐ, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആര്‍ജെഡിക്ക് പ്രത്യേക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കണ്‍വീനര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മുന്‍കൂട്ടി സീറ്റ് തരാമെന്ന് എല്‍ഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നും ഇപി പറഞ്ഞു.

Latest News