Sorry, you need to enable JavaScript to visit this website.

എലിപ്പനി ബാധിച്ച് മൂന്ന് ദിവസത്തിനിടെ മരിച്ചത് 31 പേര്‍; പ്രതിരോധത്തിന് അറിയേണ്ടതെല്ലാം

തിരുവനന്തപുരം- പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചാവ്യാധികള്‍. സംസ്ഥാനത്ത് പലയിടത്തും പടര്‍ന്നു പിടിക്കുന്ന എലിപ്പനി ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 31 പേരാണ് മരിച്ചത്. ഇതില്‍ പത്തു പേര്‍ ഞായറാഴ്ച മാത്രം മരിച്ചു. കോഴിക്കോട് നാലു പേരും എറണാകുളത്ത് രണ്ടുപേരും മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ വീതവുമാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്.എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും മെഡിക്കല്‍ കോളേജിലേയും വിവിധ വകുപ്പുകളിലെയും വിദഗ്ദ്ധര്‍ അടങ്ങിയ സംഘം പുതുക്കിയ ചികിത്സാ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിരോധ മരുന്ന് കഴിക്കേണ്ടവര്‍
1. മലിനജലവുമായി സമ്പര്‍ക്കമുള്ളവരും/ഉണ്ടാകാന്‍ സാധ്യതയുള്ളവരും പ്രത്യേകിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍.
2. പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നല്‍കുകയുള്ളു. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവരും ആഴ്ചകളിലും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
3. എലിപ്പനിക്കെതിരെയുള്ള പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മരുന്നുകള്‍ 
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

പ്രതിരോധ ഗുളികകള്‍
1. മുതിര്‍ന്നവര്‍ക്ക് 200 (100 മില്ലിയുടെ 2 ഗുളികകള്‍) ആഴ്ചിലൊരിക്കല്‍ 6 ആഴ്ച വരെ നല്‍കണം.
2. 8 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ 100 ന്റെ ഒരു ഗുളിക.
3. 2 വയസ്സ് മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 4 mg/kg ആഴ്ചയിലൊരിക്കല്‍.
4. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് Azhithromycin - 10mg /kg വെറും വയറ്റില്‍ മൂന്ന് ദിവസം കൊടുക്കണം.
5. ഗര്‍ഭിണികള്‍ക്കും/മുലയൂട്ടുന്ന അമ്മമാര്‍ക്കും അമോക്‌സിലിന്‍ 500mg ദിവസം 3 നേരം 5 ദിവസത്തേക്ക് നല്‍കണം.

ചികിത്സ
1. പ്രളയജലവുമായി സമ്പര്‍ക്കത്തിനു ശേഷം പനിയുമായി ആശുപത്രിയില്‍ വരുന്ന മുതിര്‍ന്ന രോഗികള്‍ക്ക് ഡോക്‌സിസൈക്ലിന്റെ 100 മില്ലിയുടെ ഗുളിക ദിവസം 2 നേരം വീതം ഏഴ് ദിവസം കൊടുക്കേണ്ടതാണ്.
2. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് Azhithromycin 10mg /kg/day എന്ന അളവില്‍ മൂന്ന് ദിവസം കൊടുക്കേണ്ടതാണ്.
3. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവരിലും പ്രത്യേകിച്ച് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പെന്‍സിലിന്‍ ഇന്‍ജക്ഷന്‍ നിര്‍ദേശിച്ച ഡോസില്‍ നല്‍കേണ്ടതാണ്. എന്നാല്‍ പെന്‍സിലിന്‍ അലര്‍ജിയുള്ളവരില്‍ സെഫ്ട്രിയാക്‌സോണ്‍ ഇന്‍ജക്ഷന്‍ നല്‍കണം.

Latest News