മലപ്പുറം- ദേശീയതലത്തിൽ ബി.ജെ.പിയും കേരളത്തിൽ സി.പി.എമ്മും വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഹമ്മദ് അസ്‌ഹറുദ്ദീൻ എംപി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് മലപ്പുറത്തും അരീക്കോടും നൽകിയ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനഹൃദയങ്ങളിൽ ഇടമില്ലാത്ത സർക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളത്. ഇരു പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം ജന നന്മയല്ല. ഈ ജനക്കൂട്ടം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും ആവേശകരമായ സാന്നിധ്യം ശ്രദ്ധേയമാണ്. മുസ്ലിം ലീഗ് കോൺഗ്രസിന് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്.കളി അവസാനിക്കും വരെ ഫീൽഡിൽ ഇതുപോലെ ഒറ്റക്കെട്ടായി ഉറച്ചുനിന്നാൽ വിജയം സുനിശ്ചിതമാന്നെന്നും അസ്‌ഹറുദ്ദീൻ പറഞ്ഞു.
മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ആനയുടെ കുത്തേറ്റ് മരിച്ച ഷാജിയുടെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ പോലും പിണറായി വിജയൻ സമയം കണ്ടെത്തിയിട്ടില്ല. ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സാങ്കേതിക സംവിധാനം സർക്കാരിലുണ്ട്. കാര്യക്ഷമതയില്ലാത്ത വനം വകുപ്പും കഴിവുവിട്ട മുഖ്യമന്ത്രിയുമാണ് ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ. സ്വന്തം കുടുംബത്തിനോട് മാത്രമേ മുഖ്യമന്ത്രിക്ക് സ്നേഹമുള്ളൂ. കൊച്ചുകുട്ടികൾക്ക് ഉച്ചകഞ്ഞി പോലും കൊടുക്കാതെയാണ് പിണറായി ധൂർത്ത് നടത്തുന്നതെന്ന് ഓർക്കണം. അവിഹിതമായി പണം സമ്പാദിക്കാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്. എന്തു തെറ്റ് ചെയ്താലും സംരക്ഷിക്കാൻ ബി.ജെ.പി ഉണ്ടെന്ന വിശ്വാസമാണ് പിണറായിയുടെ ധിക്കാരത്തിന് പിന്നിലെന്ന് സുധാകരൻ ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ സംഘപരിവാർ ശക്തികൾ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. നൂറുകണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ പകുത്തു നൽകി നേടിത്തന്ന മതേതര ഭാരതം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. ഒറ്റക്കെട്ടായി നിന്ന് വർഗീയതയെ ഇന്ത്യയുടെ മണ്ണിൽ കുഴിച്ചുമൂടണം. ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ശിവശങ്കരൻ ജയിലിലാണ്. ആരാണ് ശിവശങ്കരൻ,മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു. അഴിമതി നടത്തിയ ഫയലിൽ ഒപ്പുവെച്ചത് മുഖ്യമന്ത്രിയാണ് അപ്പോൾ മുഖ്യമന്ത്രിയല്ലേ മുഖ്യപ്രതിയെന്ന് സതീശൻ ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി അധ്യക്ഷത വഹിച്ചു. എൻ.ഷംസുദീൻ,എ.പി. അനിൽകുമാർ,ടി.സിദ്ധിഖ്, വീ. ടി ബൽറാം, ടി.യു. രാധാകൃഷ്ണൻ,ജെബി മേത്തർ,ജമീല ആരിപ്പറ്റ,പി.എം.നിയാസ്, പഴകുളം മധു ,വി.പി സജീന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ,എം.എം നസീർ,പി.എ സലിം,കെ.പി.ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ,രാഹുൽ മാങ്കൂട്ടത്തിൽ,ഷാഫി പറമ്പിൽ, ആര്യാടൻ ഷൗക്കത്ത്,കെ.ജയന്ത്,ദീപ്തി മേരി വർഗീസ്, അബ്ദുൽ മുത്തലിബ്, നെയ്യാറ്റിൻകര സനൽ,,യു.എസ്.ഖാദർ എന്നിവർ പ്രസംഗിച്ചു.