കരിപ്പൂർ - ഫലസ്തീൻ എങ്ങനെ ഇന്ന് ചർച്ച ചെയ്യപ്പെടുന്നുവോ അതേ പോലെ വരും കാലത്ത് നമ്മുടെ രാജ്യവും ചർച്ച ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പത്താം മുജാഹിദ് സമ്മേളന സോവനീർ കരിപ്പൂർ വെളിച്ചം നഗറിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരു മത രാഷ്ട്രമാക്കി മാറ്റുകയെന്നത് ആർ. എസ്.എസിന്റെ ലക്ഷ്യമാണ്. ഇതിനാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. അറബികളുടെ ഫലസ്തീനിൽ സാമ്രാജ്യത്വം ജൂതരെ കുടിയിരുത്തി ആ രാജ്യം വിഭജിച്ചു. ഈ വിപത്തിനെതിരെ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലക്ക് ആരുമായി കൂട്ടുകൂടുവാൻ തയ്യാറാണ്. അത് പ്രഖ്യാപിക്കുവാൻ കൂടിയാണ് താൻ വന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വർത്തമാനകാല ഇന്ത്യയുടെ ഇത്തരത്തിലുള്ള പരിണാമം ഏറെ ഭീതിജനകമാണെന്നും ഉത്തരാഖണ്ഡിലെ മദ്‌റസാ പൊളിക്കലടക്കമുള്ളതിന്റെ കുറച്ചുകൂടെ ഭീകരമായതാണ് ഗാസയിൽ നടക്കുന്നതെന്നും എളമരം കരീം എം.പി പറഞ്ഞു.നമ്മുടെ രാജ്യത്ത് മാനവികത നിലനില്ക്കണമെങ്കിൽ ഏറെ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് പി.എം.എ സലാം പറഞ്ഞു.