കൊച്ചി- കൊച്ചി കായലിലേയും അറബിക്കടലിലേയും അലമാലകള്‍ സ്‌നേഹത്തോടെ തൊട്ടത് നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പിനെയായിരുന്നില്ല. നെഫര്‍റ്റിറ്റിക്കുള്ളില്‍ ആടിയും പാടിയും ദിവസം ആഘോഷിക്കാനെത്തിയ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന 160 പേരെയായിരുന്നു. സ്‌നേഹത്തിന്റെ തിരമാലകള്‍ തീര്‍ത്ത് നെഫര്‍റ്റിറ്റി ബോള്‍ഗാട്ടിയില്‍ നിന്നും വൈപ്പിനും ഫോര്‍ട്ട് കൊച്ചിയും പിന്നിട്ട് കപ്പല്‍ ചാലിലൂടെ കടലിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തിയപ്പോള്‍ ആ കുട്ടികള്‍ ആസ്വദിച്ചത് പുതിയൊരു അനുഭവമായിരുന്നു.
റോട്ടറി ഡിസ്ട്രിക്ട് 3201ന് കീഴില്‍ റോസസ് പ്രൊജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റ്റ്, റോട്ടറി ക്ലബ് ഓഫ് പറവൂര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ട്രൈസിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്ക് ക്രൂയിസ് ഷിപ്പില്‍ ആഹ്ലാദം നിറച്ചു നല്‍കിയത്.
റോട്ടറി ക്ലബ് ഓഫ് പറവൂര്‍ നടത്തുന്ന പ്രതീക്ഷ സ്‌കൂള്‍ ഉള്‍പ്പെടെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ആലപ്പുഴ ജില്ലകളിലെ 18 സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് കപ്പല്‍ യാത്രയില്‍ പങ്കെടുത്തത്.
കടല്‍ കാണാന്‍ പോകുന്ന കുട്ടികളെ യാത്രയാക്കാന്‍ എറണാകുളം എം പി ഹൈബി ഈഡന്‍ കപ്പലിലെത്തിയിരുന്നു. വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി റോട്ടറി ക്ലബ് നടത്തുന്ന ഇത്തരം പരിപാടികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2000 മുതല്‍ വിമാന യാത്രയാണ് റോട്ടറി ക്ലബ് നടത്തിയിരുന്നത്. കോവിഡ് കാലത്തൊഴികെ വിമാന യാത്രകള്‍ നടത്തിയിരുന്ന റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യമായാണ് ക്രൂയിസ് ഷിപ്പില്‍ യാത്ര നടത്തുന്നത്.
ക്രൂയിസ് ഷിപ്പിലെ ഗായക സംഘമായ ബദറും ഷാനുവും സപ്തറും ആര്‍ദ്രയും പാടിത്തിമര്‍ത്തപ്പോള്‍ അവരോടൊപ്പം ആടിയും കൂടെപ്പാടിയും തങ്ങളുടെ മികച്ച കഴിവുകള്‍ പുറത്തെടുത്തു കുട്ടികള്‍. മുകള്‍ നിലയില്‍ പ്രാതലും ഉച്ച ഭക്ഷണവും രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തിയപ്പോള്‍ കൂടെ ശാന്തഗംഭീരമായ പാട്ടുകളുമായി ജയ്ഫിനും ജിക്‌സണും ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്താനുണ്ടായിരുന്നു.
കലാപക്കാരയും പാലാപള്ളിയും മാത്രമല്ല ദ്രുതവേഗത്തിലുള്ള ഓരോ പാട്ടിനുമൊപ്പം ചുണ്ടനക്കിയും നൃത്തം ചെയ്തും വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെല്ലാം തങ്ങള്‍ വ്യത്യസ്ത കഴിവുകളുള്ളവരാണെന്ന് വിളിച്ചു പറഞ്ഞു. ചലച്ചിത്ര താരങ്ങളെ അനുകരിച്ച് മിമിക്രി കളിക്കാനും കവിത ചൊല്ലാനും അവര്‍ മിടുക്കുകാട്ടി. ക്രൂയിസ് ഷിപ്പിന്റെ ഡക്കില്‍ നിന്നും കണ്‍ നിറയെ കടലും കപ്പലും കണ്ടു.
നാല് മണിക്കൂര്‍ നീണ്ട കടല്‍ യാത്രയ്ക്ക് റോട്ടറി ക്ലബ്ബിന്റെ പറവൂര്‍ പ്രസിഡന്റ് ദിനില്‍ കെ തമ്പി, കൊച്ചിന്‍ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യര്‍, ട്രൈസിറ്റി പസിഡന്റ് കിരണ്‍ റോയ് പോത്തടി, റോസസ് പ്രൊജക്ട് സെക്രട്ടറി ബിബു പുന്നൂരാന്‍, ചെയര്‍മാന്‍ റോമിലാല്‍, ഡിസ്ട്രിക്ട് സെക്രട്ടറി പ്രദീപ് കെ പി എന്നിവര്‍ നേതൃത്വം നല്‍കി.