കല്‍പറ്റ- ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു. ഡി. എഫിനു വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും മത്സരിക്കാന്‍ അവസരം ലഭിക്കുന്നതിനു ഐ. എന്‍. ടി. യു. സി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നു. ജില്ലകളില്‍ നടന്നുവരുന്ന സ്പെഷ്യല്‍ കണ്‍വന്‍ഷനുകള്‍ തെരഞ്ഞെടുപ്പില്‍ ഐ. എന്‍. ടി. യു.സിക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.
തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ ഐ. എന്‍. ടി. യു. സി നേതാക്കളില്‍ ഒരാളെങ്കിലും ഉണ്ടാകണമെന്ന അഭിപ്രായമാണ് കണ്‍വന്‍ഷനുകളില്‍ പൊതുവെ ഉയരുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ഐ. എന്‍. ടി. യു. സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷനില്‍ പ്രമേയാവതരണം നടന്നു. കണ്‍വന്‍ഷന്‍ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
2006നുശേഷം ഐ. എന്‍. ടി. യുസിക്കു നിയമ നിര്‍മാണ സഭകളില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഐ. എന്‍. ടി. യു. സി സംസ്ഥാന ഭാരവാഹികളായിരിക്കെ കെ. കരുണാകരന്‍, ബി. കെ. നായര്‍, സി. എം. സ്റ്റീഫന്‍, വി. പി. മരക്കാര്‍, കെ. സുരേഷ് ബാബു എന്നിവര്‍ക്കു പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു പതിറ്റാണ്ടിലധികമായി സംസ്ഥാനത്തു തെരഞ്ഞെടുപ്പുകളില്‍ ഐ. എന്‍. ടി. യു. സിയെ കോണ്‍ഗ്രസ് നേതൃത്വം കണക്കിലെടുക്കുന്നില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍. ചന്ദ്രശേഖരനെ പരിഗണിച്ചെങ്കിലും സീറ്റ് നല്‍കിയില്ല. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മത്സരത്തിനൊരുങ്ങാന്‍ ചന്ദ്രശേഖരനു പാര്‍ട്ടി നിര്‍ദേശം ലഭിച്ചതാണ്. എന്നാല്‍ യു. ഡി. എഫിലേക്കുള്ള ആര്‍. എസ്. പിയുടെ വരവോടെ അവസരം നഷ്ടമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ഐ. എന്‍. ടി. യു. സി ജില്ലാ പ്രസിഡന്റുമാരെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവഗണനയാണ് ഐ. എന്‍. ടി. യു. സി നേരിട്ടത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചപ്പോഴും കയ്പുനീര്‍ കുടിക്കേണ്ടിവന്നു. രാജ്യസഭാ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചപ്പോഴും ഐ. എന്‍. ടി. യു. സിയെ തഴഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 16 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഒരു സീറ്റ് ട്രേഡ് യൂനിയന്‍ പ്രതിനിധിക്ക് നല്‍കേണ്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ കടമയാണെന്ന് ഐ. എന്‍. ടി. യു. സി നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. ഐ. എന്‍. ടി. യു. സിയുടെ പിന്തുണയില്ലാതെ കേരളത്തില്‍ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിനു ജയിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.