ദുബായ്- ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഒരു സീറ്റിന് കൂടി അവകാശമുണ്ടെന്നും അത് കോൺഗ്രസിന്റെ ഔദാര്യമല്ലെന്നും ലീഗിന്റെ അവകാശമാണെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റും മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പുത്തൂർ റഹ്‌മാൻ. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗതമാവുമ്പോഴെല്ലാം സജീവമാകുന്ന ചർച്ചയാണ് 'മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ്'. സംഘശക്തിയും സംഘടനാബലവും നിലവിലെ രാഷ്ട്രീയ പ്രാധാന്യവും വെച്ചുനോക്കിയാൽ നാലോ അതിൽ കൂടുതലോ സീറ്റുകളിൽ മത്സരിക്കുവാനുള്ള ന്യായമായ അർഹത തീർച്ചയായും മുസ്ലിം ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1962ൽ കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ഒറ്റയ്ക്ക് മത്സരിച്ച് രണ്ട് പാർലമെന്റ് സീറ്റുകൾ നേടിയ മുസ്ലിം ലീഗിന്, ആറു പതിറ്റാണ്ടുകൾക്കിപ്പുറം ഐക്യ ജനാധിപത്യ മുന്നണിയിലെ നിർണായക കക്ഷിയായി നിലകൊള്ളുമ്പോഴും രണ്ട് സീറ്റിലധികം മത്സരിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന വസ്തുത ഖേദകരമാണ്.
കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യവും മുന്നണി ബലതന്ത്രത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനവും ചെറുതല്ല. കേവലം രണ്ട് എം.എൽ.എ മാത്രമുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു MLA പോലുമില്ലാത്ത RSPക്കും ഓരോ പാർലമെന്റ് സീറ്റ് വീതം അനുവദിക്കുമ്പോൾ, 15 MLAമാരും ആയിരകണക്കിന് ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത്/മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലുള്ള മുസ്ലിം ലീഗിന് കേവലം രണ്ട് സീറ്റുകളിൽ മാത്രമാണ് മത്സരിക്കാൻ അവസരം കിട്ടുന്നത്. ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുന്നില്ല എന്നതാണ് വാസ്തവത്തിൽ ഔദാര്യം.
ഇടതുമുന്നണിയിൽ സംഘടന ശക്തിയിൽ മുസ്ലിം ലീഗിനേക്കാൾ എത്രയോ പിന്നിലുള്ള സി.പി.ഐക്ക് ലഭിക്കുന്നത് 4 സീറ്റുകളാണ് എന്ന വസ്തുത കൂടി കണക്കിലെടുത്താൽ മുസ്ലിം ലീഗിനു കൂടുതൽ സീറ്റുകൾ എന്നതാണ് നീതിയെന്നും അത് ലീഗിന്റെ അവകാശമാണെന്നും ആർക്കും മനസ്സിലാവും.
മോഡി ഭരണകൂടം മൂന്നാമൂഴത്തിന് ആയുധം മൂർച്ച കൂട്ടുന്ന ഇന്ത്യയിൽ, മുസ്ലിം അതിജീവനം ദിനംപ്രതി ദുഷ്‌കരമാവുന്ന വർത്തമാനകാല സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടി വരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ചേർന്ന് നിൽക്കാൻ പലപ്പോഴും 'മുഖ്യധാര മതേതര' കക്ഷികൾ മടികാട്ടുമ്പോൾ, 'ഒന്നുമില്ലെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കരയാനെങ്കിലും ഒരു വേദി വേണമെന്ന്' ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ് അന്ന് പറഞ്ഞതിന്റെ പ്രസക്തി കൂടുതൽ വെളിവാകുകയാണ്.
അതുകൊണ്ട് കേരളത്തിലെ പ്രിയ കോൺഗ്രസ് നേതൃത്വത്തോട് ഉണർത്താനുള്ളത്, എല്ലാ പ്രാവശ്യത്തേയും പോലെ മുസ്ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് പരസ്യമായി സമ്മതിച്ചും ലീഗിന്റെ രാഷ്ട്രീയ ബലത്തെ പുകഴ്ത്തിയും സീറ്റ് തരാതിരിക്കുന്ന നിലപാട് ഇത്തവണ ആവർത്തിക്കരുതെന്നാണ്. നിങ്ങൾ തന്നെ അംഗീകരിക്കുന്ന ന്യായമായ അർഹത മാത്രമാണ് മുസ്ലിം ലീഗ് നേതൃത്വവും അണികളും ആവശ്യപ്പെടുന്നത്. അവകാശം ചോദിക്കുന്ന ഘടകകക്ഷിയോട് മുഖം തിരിക്കുന്ന അവിവേകം യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് ഇത്തവണയും ഉണ്ടാവാതിരിക്കട്ടെ എന്നാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ വിനീതമായ അഭ്യർത്ഥന.