തിരുവനന്തപുരം- കുടുംബശ്രീയിൽ പശുക്കളെ പരിപാലിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകാൻ കേരളം. ഗുജറാത്തിൽ പരീക്ഷിച്ച മാതൃകയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇതനുസരിച്ച് കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെ പശുസഖിമാർ എന്നു വിളിക്കും.
ഗ്രാമപ്രദേശങ്ങളിൽ പശുവളർത്തൽ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഉന്നത പരിശീലനമാണ് പശുസഖിമാർക്ക് നൽകുക. ഗുജറാത്തിലെ നാഷണൽ ഡയറി ഡിവലപ്‌മെന്റ് ബോർഡിൽ നിന്ന് 'മാസ്റ്റർ ട്രെയിനേഴ്‌സ്' പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. പദ്ധതിക്ക് കേന്ദ്ര സർക്കാറിൻരെ സാമ്പത്തിക സഹായമുണ്ട്. ഒരു പഞ്ചായത്തിൽ 2000 പശുസഖിമാരെയാണ് നിയമിക്കുക.
ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഓരോ കർഷകന്റെയും വീട്ടിൽ ലഭ്യമായ അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതും പശുസഖിമാരെ പരിശീലിപ്പിക്കും.