ജിദ്ദ - ജനുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം 1.6 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഡിസംബറില്‍ 1.5 ശതമാനമായിരുന്നു പണപ്പെരുപ്പം. പാര്‍പ്പിട വാടക ഉയര്‍ന്നതാണ് കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസം പണപ്പെരുപ്പം 1.6 ശതമാനം തോതില്‍ ഉയരാന്‍ ഇടയാക്കിയത്. വില്ല വാടക 8.2 ശതമാനം തോതില്‍ ജനുവരിയില്‍ ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില ഒരു ശതമാനം തോതിലും ഉയര്‍ന്നു. പച്ചക്കറികളുടെ വില 3.7 ശതമാനം തോതില്‍ ഉയര്‍ന്നതാണ് ഭക്ഷ്യവസ്തു, പാനീയ വിഭാഗത്തില്‍ നിരക്ക് ഉയര്‍ത്തിയത്.
ജനുവരിയില്‍ ഗതാഗത വിഭാഗത്തില്‍ നിരക്ക് 1.1 ശതമാനം തോതിലും വ്യക്തിഗത ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്ക് 1.1 ശതമാനം തോതിലും കുറഞ്ഞു. ഹോട്ടല്‍, റെസ്റ്റോറന്റ് വിഭാഗത്തില്‍ 2.4 ശതമാനവും വിനോദ, സാംസ്‌കാരിക വിഭാഗത്തില്‍ 1.4 ശതമാനവും വിദ്യാഭ്യാസ വിഭാഗത്തില്‍ 1.2 ശതമാനവും തോതില്‍ ജനുവരിയില്‍ നിരക്കുകള്‍ ഉയര്‍ന്നു. ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 3.3 ശതമാനം തോതിലും വസ്ത്ര, പാദരക്ഷ വിഭാഗത്തില്‍ 4.1 ശതമാനം തോതിലും നിരക്കുകള്‍ കുറഞ്ഞു.
2023 ജനുവരിയില്‍ 3.5 ശതമാനവും നവംബറില്‍ 1.7 ശതമാനവുമായിരുന്നു പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ശരാശരി പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു. 2022 ല്‍ ഇത് 2.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി പണപ്പെരുപ്പം 2.6 ശതമാനമാകുമെന്നാണ് ധനമന്ത്രാലയം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷം 2.2 ശതമാനവും അടുത്ത കൊല്ലം 2.1 ശതമാനവും 2026 ല്‍ 1.9 ശതമാനവുമായി പണപ്പെരുപ്പം കുറയുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.