Sorry, you need to enable JavaScript to visit this website.

സപ്ലൈകോയിലെ പുതിയ വില ഇപ്രകാരം; ഏറ്റവും കൂടിയത് മുളകിന് 

തിരുവനന്തപുരം - അവശ്യസാധനങ്ങൾക്കും മറ്റുമുള്ള പൊള്ളുന്ന വിലവർധനവിനിടെ സപ്ലൈക്കോയിലെ 13 സബ്‌സിഡി സാധനങ്ങൾക്ക് സർക്കാർ വിലവർധിപ്പിച്ചതനുസരിച്ച് ഇനി ഈടാക്കുക പുതിയ നിരക്ക്.
 നേരത്തെ 55 ശതമാനം സബ്‌സിഡി നിരക്ക് ലഭിച്ചെങ്കിൽ ഇനി മുതൽ 35 ശതമാനം സബ്‌സിഡി നിരക്കാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതനുസരിച്ച് പുതിയ നിരക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭക്ഷ്യ വകുപ്പ്. പുതിയ നിരക്കനുസരിച്ച് 13 ഇനം സാധനങ്ങളിൽ എറ്റവും വിലകൂടിയത് മുളകിനാണ്. ഉഴുന്ന്, പയർ ഇനങ്ങൾ മാത്രമാണ് നിലവിൽ മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുള്ളത് എന്നിരിക്കെ, സാധനങ്ങൾ പുതിയ സ്റ്റോക്ക് വരുമ്പോൾ മാത്രമേ പുതിയ വില പ്രാബല്യത്തിൽ വരൂ.
 പുതിയ നിരക്കനുസരിച്ച് നേരത്തെ 37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളകിന് ഇനി 82 രൂപയാണ് നൽകേണ്ടിവരിക. അതായത് 44.50 രൂപയാണ് വർധനവ്. 65 രൂപയുണ്ടായിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർധിപ്പിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. 66 രൂപയായിരുന്ന ഉഴുന്നിന് 29 രൂപ കൂടി 95 രൂപയായി വില വർധിച്ചു.
 വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19 രൂപയും പഞ്ചസാരയ്ക്ക് ആറു രൂപയും വെളിച്ചെണ്ണയ്ക്ക് ഒൻപത് രൂപയും ഉയർന്നു. കുറുവ, മട്ട അരികൾക്ക് അഞ്ചു രൂപയും ജയ അരിക്ക് നാലുരൂപയും വർധിച്ചു. 25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങൾ വാങ്ങാൻ 30 രൂപ വരെ ഇനി നൽകണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോൾ മല്ലിക്ക് 50 പൈസ കുറഞ്ഞതായാണ് പുറത്തുവിട്ട കണക്കിലുള്ളത്. മല്ലിവില കണക്കാക്കിയപ്പോൾ പിശക് പറ്റിയോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഭക്ഷ്യവകുപ്പ് പ്രതികരിച്ചു. 

Latest News