പത്തനംതിട്ട - ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താന്‍ സി പി എം ഏരിയാ കമ്മറ്റി അംഗം ഇടനിലക്കാരനായി ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. സംഭവത്തില്‍ സി പി എം നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സി പി എം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വിവാഹത്തിന് ഇടനിലക്കാരനായി നിന്നുവെന്നാണ് ആരോപണം. തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താന്‍ ഇടനിലക്കാരനായി നിന്നുവെന്നാണ് പരാതി. ഏരിയ സെക്രട്ടറി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആള്‍മാറാട്ടത്തെക്കുറിച്ച് അറിഞ്ഞതും അന്വേഷണം പ്രഖ്യാപിച്ചതും. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.