Sorry, you need to enable JavaScript to visit this website.

പച്ച സാരിയുടുത്ത ആ സുന്ദരി ആരായിരുന്നു?

തിരുവനന്തപുരം- ചൂടാറാതെ രാഷ്ട്രീയകേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന പി.ടി.ചാക്കോയുടെ പീച്ചി യാത്രക്ക് അറുപാതാണ്ട്. രാഷ്ട്രീയസദാചാരത്തിന്റെ ഉരകല്ലായി മാറിയ ഈ സംഭവം നടന്നിട്ട് ആറുപതാണ്ട് പിന്നിടുമ്പോഴും ചാക്കോയോടൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ ആരായിരുന്നെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഒരു രാഷ്ട്രീയ അതികായന്റെ പതനം മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിമാറ്റുകകൂടി ചെയ്ത സംഭമായിരുന്നു പീച്ചിയിലേക്കുള്ള വിവാദ കാര്‍യാത്ര.

എന്തായിരുന്നു പ്രമാദമായ പീച്ചി സംഭവം

1963 ഡിസംബര്‍ എട്ടിനാണ് രാഷ്ട്രീയകൊടുക്കാറ്റ് അഴിച്ചുവിട്ട ആ സംഭവം അരങ്ങേറുന്നത്. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ ആലുവാ ഗസ്റ്റ് ഹൗസില്‍ നിന്നും പീച്ചിയിലേക്ക് യാത്രപോയപ്പോള്‍ കാറില്‍ ഒപ്പം ഒരു സ്ത്രീകൂടിയുണ്ടായിരുന്നു എന്നതാണ് രാഷ്ട്രീയ ഭൂകമ്പമായി മാറിയതും മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതും. മന്ത്രി ആലുവയില്‍ നിന്നും സ്വന്തമായി കാര്‍ ഓടിച്ചാണ് മന്ത്രി പീച്ചിയിലേക്ക് പുറപ്പെട്ടത്. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ ആ ദിവസങ്ങളില്‍ പെരുന്നാളായിരുന്നു. റോഡില്‍ പതിവില്‍കവിഞ്ഞ ആള്‍ക്കൂട്ടം. പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു ഉന്തുവണ്ടിവന്ന് മന്ത്രിയുടെ കാറില്‍ തട്ടി. വണ്ടി  വലിച്ചിരുന്ന വേലായുധന്‍ എന്നയാള്‍ മറിഞ്ഞ് താഴെ വീണു. ഉടന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ വന്ന് കാറിനുള്ളിലെ സ്ത്രീയേയും മന്ത്രിയേയും ഒരുമിച്ച് കിട്ടാവുന്നവിധം ചിത്രങ്ങളെടുത്തു.

പി.ടി.ചോക്കോയും പത്മം.എസ്.മേനോനും

ഫാദര്‍ വടക്കന്റെ ഉടമസ്ഥതയില്‍ തൃശൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന തൊഴിലാളി എന്ന പത്രം ആ ചിത്രങ്ങളും വാര്‍ത്തയും പ്രസിദ്ധീകരിച്ചു. അതോടെ വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലായി. കാറിലുണ്ടായിരുന്നത് ആരാണെന്ന ചോദ്യമായിരുന്നു എവിടെയും. പച്ച സാരിയുടുത്ത സ്ത്രീ ചാക്കോയുടെ ഭാര്യ അല്ലെന്നായിരുന്നു തൊഴിലാളി പത്രം റിപ്പോര്‍ട്ട് ചെയ്തത്. അത് ആരായിരുന്നു എന്ന ചോദ്യമായിരുന്നു പിന്നത്തെ ചര്‍ച്ച.

ആ ചോദ്യത്തിന് കെ.പി.സി.സിയുടെ ഉത്തരം രണ്ട് ദിവസത്തിനകം വന്നു.  കാറില്‍ ചാക്കോയോടൊപ്പം ഉണ്ടായിരുന്നത് താനാണെന്ന് കെ.പി.സി.സി അംഗമായിരുന്ന പത്മം.എസ്.മേനോന്‍ വെളിപ്പെടുത്തി. സവിശേഷമായ പെരുമാറ്റരീതികൊണ്ടും അതിവിപുലമായ സൗഹൃദങ്ങള്‍കൊണ്ടും ശ്രദ്ധേയയായിരുന്നു പത്മം.എസ്.മേനോന്‍. കോണ്‍ഗ്രസിലെ ഒന്നാംനിര നേതാക്കളുമായെല്ലാം അവര്‍ വളരെ അടുത്ത് ഇടപഴകിയിരുന്നു. സമ്പന്നമായ കുടുംബപശ്ചാത്തലം, എറണാകുളത്ത് നഗരഹൃദയമായ രവിപുരത്ത് താമസം. കുടുംബവേരുകള്‍ കോഴിക്കോട്ടായിരുന്നു. ഉടുപ്പിലും നടപ്പിലുമെല്ലാം വളരെ ആധുനികയായിരുന്നു അറുപതുകളിലെ  പത്മം.എസ്.മേനോന്‍. പത്രങ്ങള്‍ക്കുമുന്നില്‍ കൂസലില്ലാതെ പ്രത്യക്ഷപ്പെട്ട് ചാക്കോയ്‌ക്കൊപ്പം താനായിരുന്നു എന്ന് അവര്‍ പ്രസ്താവിച്ചു. അത് ശരിവച്ചുകൊണ്ട് പി.ടി. ചാക്കോയും പിന്നീട് പ്രസ്താവനയിറക്കി. പി.ടി.ചാക്കോയുടെ രാജിയോടെ 'കാര്‍യാത്രാസംഭവം' ഒരിക്കല്‍കൂടി ഇളകിമറിഞ്ഞു. പത്മം.എസ്.മേനോന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ഒരുമിച്ച് യാത്രചെയ്തതില്‍ എന്ത് തെറ്റെന്ന് വിമര്‍ശകരോട് അവര്‍ തിരിച്ചുചോദിച്ചു.
പത്മം.എസ്.മേനോന്‍ എണ്‍പതുകള്‍വരെ പൊതുരംഗത്ത് സജീവമായിരുന്നു. ആഗ്രഹിച്ച രാഷ്ട്രീയഭാവി തനിക്കുമുന്നില്‍ തുടര്‍ച്ചയായി അടഞ്ഞുപോകുന്നതും സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കള്‍ ആ വഴികള്‍ കൊട്ടിയടയ്ക്കുന്നതും പകയോടും നിരാശയോടും കണ്ടുകണ്ട് അവര്‍ പൊതുരംഗംതന്നെ വിട്ടു. പത്മം.എസ്.മേനോന്റെ ജീവിതസായാഹ്നം ക്ലേശകരമായിരുന്നു. രോഗവും സാമ്പത്തികദുരിതവും കുടുംബത്തിലെ അന്തഃഛിദ്രങ്ങളും അവരെ ശാരീരികവും മാനസികവുമായി തളര്‍ത്തിക്കളഞ്ഞു. അങ്ങനെ നന്ദികേടിന്റേയും വിസ്മൃതിയുടെയും പുറംലോകത്തേക്ക് ആട്ടിപ്പായിക്കപ്പെട്ട പത്മം.എസ്.മേനോന്‍  തന്റെ ജീവിതാവസാനത്തിന് തൊട്ടുമുന്‍പ് ഒരു വെളിപ്പെടുത്തല്‍കൂടി നടത്തി. രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് അവര്‍ പറഞ്ഞു- പി.ടി. ചാക്കോയ്‌ക്കൊപ്പം അന്ന് കാറിലുണ്ടായിരുന്നത് താനായിരുന്നില്ലെന്ന്. ''അത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു. ചാക്കോയെ രക്ഷിക്കാന്‍വേണ്ടി ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. കെ.പി.മാധവന്‍നായരും പോള്‍.പി.മാണിയും എന്റെ വീട്ടില്‍വന്ന് നിര്‍ബന്ധിച്ചതുകൊണ്ടാണ് കാറില്‍ ഞാനായിരുന്നുവെന്ന് വിശദീകരിച്ചുകൊണ്ട്  പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ഞാന്‍ സത്യം വെളിപ്പെടുത്തുകയാണ്.'' അവര്‍ പറഞ്ഞു.
ഇതോടെ വീണ്ടും ചാക്കോയോടൊപ്പമുണ്ടായിരുന്ന ആ സ്ത്രീ ആരായിരുന്നെന്ന ചോദ്യം ഉയരുന്നു. ചെറിയാന്‍ ഫിലിപ്പിനെപ്പോലുള്ളവര്‍ കണ്ടെത്തിയത് കര്‍ണാടക സംഗീതജ്ഞയും ആകാശവാണിയില്‍ ഉദ്യോഗസ്ഥയുമായിരുന്ന സുന്ദരിയായ മറ്റൊരാളെയായിരുന്നു. അവരുടെ ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നതും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആ പേര് ഇന്നും ആരും പുറത്തുവിട്ടിട്ടില്ല. സംഗീതജ്ഞ എന്ന നിലയില്‍ ഏറേ പ്രസിദ്ധയായിരുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസവുമില്ല. ചലച്ചിത്രമേഖലയിലേക്ക് അവരെ നീളുന്നതാണ് അവരുടെ കുടുംബവേരുകള്‍.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച കാര്യം സംസാരിക്കാന്‍ ഇവര്‍ ആലുവയില്‍നിന്നും പി.ടി.ചാക്കോയുടെ കാറില്‍ കയറിയതാണത്രെ. പി.ടി.ചാക്കോയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ട പേര് മാത്രമായിരുന്നു പത്മത്തിന്റേതെന്നും ഇവര്‍ വാദിക്കുന്നു. ഏതായാലും കേരള രാഷ്ട്രീയത്തില്‍ ഇന്നും വ്യക്തതയില്ലാത്തതാണ് ചാക്കോയോടൊപ്പം പീച്ചിയിലേക്ക് കാറില്‍  യാത്ര ചെയ്ത സുന്ദരി ആരാണ് എന്നത്. ആറു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിന്റെ രാഷ്ട്രീയസദാചാരം ഏറെ മാറി. ഇക്കാലത്ത് ഇത്തരം പെണ്‍സാന്നിധ്യം മന്ത്രിമാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. രാജി വെയ്ക്കാന്‍ കാരണവുമാകുന്നില്ല. എങ്കിലും ചാക്കോയോടൊപ്പമുണ്ടായിരുന്ന സ്ത്രീ ആരായിരുന്നു എന്നത് ഇന്നും ദുരൂഹമായി നിലനില്‍ക്കുന്നു.

 

Latest News