തിരുവനന്തപുരം - മുന്‍ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഒടുവില്‍ അഞ്ചര വര്‍ഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മര്‍ദ്ദനത്തിനിരയായ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിന്റെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് നിവൃത്തിയില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായത്. പോലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡി ജി പിയുടെ മകളുടെ പരാതി പോലീസ് എഴുതി തള്ളി. പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് മുന്‍ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിച്ചത്. തിരുവനന്തപുരം കനകക്കുന്നില്‍ പ്രഭാത സവാരിക്ക് എത്തിയപ്പോള്‍ കഴുത്തിന് പിന്നില്‍ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി.
സുധേഷ് കുമാറിന്റെ മകള്‍ ഉള്‍പ്പടെയുള്ള വീട്ടുകാരുടെ ഭാഗത്തുനിന്നും നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് നേരത്തെ പരാതി പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു മര്‍ദ്ദനമെന്നായിരുന്നു ഗവാസ്‌കര്‍ നല്‍കിയ പരാതി. സംസ്ഥാന പോലീസിലെ ദാസ്യവൃത്തിയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. പോലീസുകാരന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവര്‍ ജാതിപ്പേര് അധിക്ഷേപ്പിച്ചുവെന്ന പരാതി ഡി ജി പിയുടെ മകളും നല്‍കി. ഇതില്‍ ഡ്രൈവര്‍ ഗവാസ്‌ക്കറിനെതിരെയും കേസെടുത്തു. ഈ കേസില്‍ തെളിവുകളില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയെങ്കിലും ഗവാസ്‌ക്കറുടെ മേല്‍ സമര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിക്കാന്‍ പല ശ്രമങ്ങളും നടന്നു. എന്നാല്‍ പരാതി പിന്‍വലിക്കാതെ കുറ്റപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വര്‍ഷം മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈം ബ്രാഞ്ച് എസ് പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയെങ്കിലും കാടതിയില്‍ സമര്‍പ്പിക്കാതെ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം ഇപ്പോള്‍ കോടതിയില്‍ നല്‍കിയത്. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡി ജി പിയുടെ മകള്‍ക്കെതിരെ കുറ്റപത്രം. ഡി ജി പിയുടെ മകളുടെ പരാതിയിലെടുത്ത കേസില്‍ തെളിവുകളില്ലെന്നും തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു. വിജിലന്‍സ് മേധാവിയായിരുന്ന സുധേഷ് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്.