Sorry, you need to enable JavaScript to visit this website.

റിയാദിലെ താമസസ്ഥലത്തുനിന്ന് ഓഫീസിലെത്താൻ എത്ര സമയം വേണം, ഡ്രൈവിംഗിനിടെ ഗൂഗിൾ മാപ്പ് നോക്കിയതിന് പിഴ

റിയാദ്- സൗദി നഗരങ്ങളിൽ  താമസ സ്ഥലത്തു നിന്നും ജോലിസ്ഥലത്തെത്താൻ ആളുകൾ ശരാശരി എത്ര സമയമെടുക്കും. യാത്രക്കിടയിലുള്ള മൊബെൽ ഫോൺ ഉപയോഗത്തിന് പിഴവീഴുന്നവർ എത്ര ശതമാനമാളുകൾക്കാണെന്നും വെളിപ്പെടുത്തി സൗദി സർവ്വേ പോർട്ടൽ. നഗരങ്ങൾക്കിടയിൽ റിയാദിലാണ് ജോലി സ്ഥലത്തിനും താമസസ്ഥലത്തിനുമിടയിൽ കൂടുതൽ നേരം വാഹനമോടിക്കേണ്ടി വരുന്നത്. റിയാദ് നഗരത്തിൽ  59% ആളുകളും  ജോലിസ്ഥലത്തേക്കുള്ള ദൈനംദിന യാത്രയ്ക്ക് അരമണിക്കൂറിലധികം സമയമെടുക്കുമ്പോൾ, ജിദ്ദയിലും ദമാമിലും മദീനയിലും അരമണിക്കൂറിലധികം സമയമെടുക്കേണ്ടി വരുന്നവർ  35% മാത്രമാണ്. 

കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ കൾച്ചറൽ കമ്മ്യൂണിക്കേഷനു കീഴിലെ  നാഷണൽ സെന്റർ ഫോർ പബ്ലിക് ഒപിനിയൻ പോൾസ് (റഅ്‌യ്) നടത്തിയ സർവേയിൽ വൻ നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും ജനപ്പെരുപ്പത്തിനനുസരിച്ച് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രാ സമയത്തിൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. 

റിയാദ് ജിദ്ദ, മക്ക , ദമാം, മദീന എന്നീ നഗരങ്ങളിൽ നിന്നു വ്യത്യസ്തമാണ്  മറ്റ് ചെറു നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും  ഗ്രാമങ്ങളിലെയും കാര്യം.  ജനസംഖ്യയുടെ 27% താഴെ ആളുകൾ മാത്രമേ അവിടങ്ങളിൽ വൻനഗരങ്ങളിലെ സമയമെടുത്ത് ജോലിക്കെത്തേണ്ടതുള്ളൂ. കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 1,500 സ്ത്രീ പുരുഷന്മാരിൽ 79%  പേരും രാവിലെ 7 നും 8 നും ഇടയിൽ തങ്ങളുടെ  ജോലി ആരംഭിക്കുന്നവരാണ്. എക്‌സിറ്റുകളിലും ട്രാഫിക് സിഗ്‌നലുകളിലും തങ്ങളെ അനർഹമായി മറികടക്കുന്ന വിഷമകരമായ അനുഭവം നേരിടേണ്ടി വരുന്നവരാണ്  ഇവരിൽ 29% ആളുകളും. 

അമിത വേഗം കാരണം മറ്റുള്ളവരിൽ നിന്ന് അസുഖകരമായ അനുഭവങ്ങൾ നേരിടുന്നവർ18% വും, ഇടക്കിടെയുള്ള ലെയ്ൻ മാറ്റങ്ങൾ  വഴി 14% പേർ പ്രയാസം നേരിടുന്നുവെന്നും പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിനു പിഴ ലഭിച്ചത് 23% പേർക്കാണ്. പിഴയുടെ ഭൂരിഭാഗവും ഫോൺ ചെയ്യുന്നതിനിടയിൽ രേഖപ്പെടുത്തിയതും 35% പേർ ഗൂഗിൾ മാപ്പ് നോക്കുന്നതിനുമിടയിലാണ് വരുന്നത്. യൂടേണുകളിലും തിരക്കേറിയ ലൈനുകളിലും വരിയായി നിൽക്കുമ്പോൾ  മറ്റുള്ളവർ മറികടന്നു പോകുന്ന അനുഭവം നേരിടുന്നവരാണ്  80% ഡ്രൈവർമാരും. രാജ്യത്തെ പൊതുഗതാഗതം കാര്യക്ഷമമാക്കുന്നതു വഴി ട്രാഫിക് തിരക്കു കുറക്കാമെന്ന് 21% പേർ അഭിപ്രായപ്പെട്ടപ്പോൾ വിദേശ തൊഴിലാളികളുടെ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന് 17 % പേർ അഭിപ്രായപ്പെട്ടു.
 

Latest News