ജിദ്ദ-മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗം നാളെ(വ്യാഴം) തിയറ്ററുകളിൽ എത്താനിരിക്കെ സൗദി അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾ കാത്തിരിക്കുന്നത് ആവേശത്തോടെ. മിക്ക ഗൾഫ് രാജ്യങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റ് ബുക്കിംഗുകൾ ഏറെക്കുറെ തീർന്നു. ജിദ്ദയിൽ രണ്ടു സ്‌ക്രീനുകൾ മമ്മൂട്ടിയുടെ ആരാധകരും സിനിമാപ്രേമികളുടെ സംഘടനകളും ബുക്ക് ചെയ്തു. ജിദ്ദയിലെ എംപയർ തിയറ്ററിൽ 104 സീറ്റുകളുള്ള ബിഗ് സ്‌ക്രീനാണ് ആദ്യ ദിവസത്തെ ഷോയ്ക്ക് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ബുക്ക് ചെയ്തത്. ജിദ്ദ സിനിമാ ലവേഴ്‌സും ഭ്രമയുഗത്തിന് വേണ്ടിയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു ആദ്യ ഷോ ആരവങ്ങൾക്കുള്ളിലിരുന്ന് കാണാനുള്ള ഒരുക്കത്തിലാണ്.
പ്രവാസികൾ ഏറെ താൽപര്യത്തോടെയാണ് ഭ്രമയുഗം കാത്തിരിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി നാഷണൽ സെക്രട്ടറി ഗഫൂർ ചാലിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജിദ്ദ പ്രസിഡന്റ് സിനോഫറും പറഞ്ഞു.
മികച്ച സിനിമകൾ എല്ലാവർക്കും ആസ്വദിക്കാൻ തരത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിദ്ദ സിനിമ ലവേഴ്‌സ് (ജെ.സി.എൽ) ഭ്രമയുഗത്തിന്റെ ഷോ ഒരുക്കുന്നത്. ജയിലർ മുതലാണ് ജെ.സി.എൽ ഇത്തരത്തിൽ ഷോ സംഘടിപ്പിച്ചുവരുന്നതെന്ന് ജെ.സി.എൽ ന്റെ മുഹമ്മദ് നാഫി പറഞ്ഞു. സിനിമ ബ്ലാക്ക് ആന്‍റ് വൈറ്റിലാണെങ്കിലും ആഘോഷം കളറിലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.