Sorry, you need to enable JavaScript to visit this website.

ബേലൂര്‍ മഖ്‌നയെ ഇനി എവിടെ ചെന്ന് തപ്പും, ദൗത്യം വ്യാഴാഴ്ചയും തുടരും

മാനന്തവാടി- ചാലിഗദ്ദയിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെ മയക്കുവെടിവെച്ച് പിടിച്ച് മുത്തങ്ങയിലെ കൊട്ടിലില്‍ കയറ്റാന്‍ വനം ദൗത്യസേന നടത്തുന്ന പ്രയത്‌നം തുടര്‍ച്ചയായ അഞ്ചാം ദിവസവും ഫലം ചെയ്തില്ല. തോക്കിനു മുന്നിലെത്തിയ ബേലൂര്‍ മഖ്‌നയ്ക്കു  കൂട്ടുകാരന്‍ മോഴ രക്ഷകനായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മയക്കുവെടി പ്രയോഗിക്കാവുന്ന വിധം വനത്തില്‍ ബേലൂര്‍ മോഴയെ ഒത്തുകിട്ടിയത്. ഈ സമയം കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു മോഴ ഡാര്‍ട്ടിംഗ്(മയക്കുവെടി) ടീമിനു നേരേ ചീറിയടുത്തു. വെടി ഉതിര്‍ത്ത് ശബ്ദമുണ്ടാക്കിയാണ് ദൗത്യ സംഘാംഗങ്ങള്‍ ഒരുവിധം രക്ഷപ്പെട്ടത്. ഇതിനിടെ ബേലൂര്‍ മോഴ ഉള്‍ക്കാട്ടില്‍ മറഞ്ഞു.
ചൊവ്വാഴ്ച രാത്രി വൈകി കര്‍ണാടക ഭാഗത്തുനിന്നാണ് റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ ലഭിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ സിഗ്‌നല്‍ കിട്ടിയില്ല. പിന്നീട്  കേരള വനഭാഗത്തുനിന്നു സിഗ്‌നല്‍  ലഭിച്ചു. വനത്തില്‍ കയറിയ ദൗത്യ സംഘത്തിനു മയക്കുവെടി വെക്കാനുള്ള സൗകര്യം രണ്ടുതവണ ഒത്തുവന്നു.  
ആദ്യതവണ ബേലൂര്‍ മഖ്‌ന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു. രണ്ടാം തവണയായിരുന്നു മറ്റൊരു  മോഴ ആക്രമിക്കാന്‍ പാഞ്ഞടുത്തത്. സന്ധ്യയോടെയാണ് ദൗത്യം താത്കാലികമായി നിര്‍ത്തിയത്. ആനയെ പിടിക്കുന്നതിനു പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്  വനം ഉദ്യോഗസ്ഥര്‍ യോഗം  ചേര്‍ന്നു. രാത്രി നിരീക്ഷണത്തിനു സംവിധാനം ഏര്‍പ്പെടുത്തി.  ദൗത്യം വ്യാഴാഴ്ച  രാവിലെ തുടരും.
നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ.മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീം, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ദിനേശ്കുമാര്‍,  ഫല്‍ിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ എ.പി.ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്  ഡി.ഹരിലാല്‍ എന്നിവരുടെ  നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ  പ്രവര്‍ത്തനം.

 

Latest News