Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ ഞങ്ങള്‍ ആഹ്ലാദിച്ചു, അബുദാബിയില്‍ അത് ഇരട്ടിച്ചു- മോഡി

അബുദാബി- അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യയിലെ രാമക്ഷേത്രത്തേയും പരാമര്‍ശിക്കാന്‍ മറന്നില്ല.
27 ഏക്കറില്‍ പരന്നുകിടക്കുന്ന, 700 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച ബാപ്‌സ് ഹിന്ദു ക്ഷേത്രം ഇന്ത്യയും യുഎഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു: 'മനുഷ്യ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമാണ് ഇന്ന് യുഎഇയില്‍ രചിക്കപ്പെട്ടിരിക്കുന്നത്. മഹത്തായതും വിശുദ്ധവുമായ ഒരു ക്ഷേത്രം ഇന്ന് അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഈ ക്ഷേത്രത്തിന് വേണ്ടിയുണ്ടായി. ഭഗവാന്‍ സ്വാമിനാരായണന്റെ അനുഗ്രഹവും ഈ ക്ഷേത്രത്തിനുണ്ട്.

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ പരാമര്‍ശിച്ച്, ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പറഞ്ഞു, 'നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സ്വപ്നം സാക്ഷാത്കരിച്ചു. ഇന്ത്യയും എല്ലാ ഇന്ത്യക്കാരും ഇപ്പോഴും ആ വികാരം നെഞ്ചേറ്റുന്നു, എന്റെ സുഹൃത്ത് ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു, ' മോഡി ജിയാണ് ഏറ്റവും വലിയ പുരോഹിതന്‍. ഒരു ക്ഷേത്ര പൂജാരിക്കുള്ള യോഗ്യത എനിക്കുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ മാ ഭാരതിയുടെ (ഭാരതമാതാവിന്റെ) പുരോഹിതനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ശരീരത്തിലെ ഓരോ തന്മാത്രയും മാ ഭാരതിക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അയോധ്യയില്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം ഇന്ന് അബുദാബിയില്‍ വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ മാസം അയോധ്യയിലെ ക്ഷേത്രവും ഇന്ന് അബുദാബിയിലെ ഈ ക്ഷേത്രവും.'

ചൊവ്വാഴ്ച നടന്ന 'അഹ്‌ലന്‍ മോഡി' പരിപാടിയില്‍ 'ഇന്ത്യന്‍ സമൂഹത്തിന്റെ സുഹൃത്ത്' എന്ന് വാഴ്ത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ 'സഹോദരന്‍' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി അബുദാബിയില്‍ ഒരു വലിയ ക്ഷേത്രം പണിയുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹം ഏറ്റവും വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞു.

'അദ്ദേഹം 140 കോടി ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി. ഈ ക്ഷേത്രത്തിന്റെ സങ്കല്പം മുതല്‍ അതിന്റെ ഉദ്ഘാടനം വരെ ഞാന്‍ അതിന്റെ ഭാഗമായിരുന്നു എന്നത് എന്റെ ഭാഗ്യമാണ്. 'നന്ദി' എന്നത് പോലും വളരെ ചെറിയ വാക്യമാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ ഔദാര്യത്തിനും സംഭാവനക്കും, ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ആഴം ലോകം കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

2015ല്‍ ഷെയ്ഖ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ക്ഷേത്രത്തെക്കുറിച്ച് സംസാരിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, 2018ല്‍ വീണ്ടും യു.എ.ഇയില്‍ വന്നപ്പോള്‍ ഷെയ്ഖ് അല്‍ നഹ്യാനെ കണ്ട് ക്ഷേത്രത്തിന്റെ രണ്ട് മാതൃകകള്‍ കാണിച്ചുകൊടുത്തതായി പറഞ്ഞു.  ഒന്ന് വേദ വാസ്തുവിദ്യയില്‍ അധിഷ്ഠിതമായതും മറ്റൊന്ന് ഹിന്ദു മതചിഹ്നങ്ങളില്ലാത്ത ലളിതമായ മാതൃകയും. അബുദാബിയിലെ ക്ഷേത്രം മഹത്വത്തോടു കൂടി നിര്‍മ്മിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കുക മാത്രമല്ല ഒരു ക്ഷേത്രം പോലെ കാണാനും അദ്ദേഹം ആഗ്രഹിച്ചു- പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് സദസ്സിനോട് യു.എ.ഇ. പ്രസിഡന്റിനോടുളള ആദരസൂചകമായി എഴുന്നേറ്റുനില്‍ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

Latest News