- എൻ.ഡി.എയിലെ ജെ.ഡി.എസിന് പിന്നാലെ ഇടത് മന്ത്രിസഭയ്ക്കു വെല്ലുവിളിയായി എൻ.സി.പിയും
തിരുവനന്തപുരം - മഹാരാഷ്ട്രയിൽ എൻ.സി.പി പിളർത്തി ബി.ജെ.പി ക്യാമ്പിലെത്തിയ അജിത്ത് പവാർ വിഭാഗം കേരളത്തിലെ പിണറായി മന്ത്രിസഭയിലും വെല്ലുവിളിയുമായി രംഗത്ത്. യഥാർത്ഥ എൻ.സി.പി നരേന്ദ്ര മോഡിയോടൊപ്പമുള്ള അജിത് പവാർ വിഭാഗമാണെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിലെ എൻ.സി.പിയുടെ മന്ത്രിയായ എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് നീക്കി പകരം കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻ.സി.പി അജിത് പവാർ വിഭാഗം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
എൻ.സി.പിയുടെ സ്ഥാപക നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ശരത് പവാറിനെയും സംഘത്തെയും തള്ളി, അജിത് പവാർ വിഭാഗത്തെ എൻ.സി.പിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നല്കിയതെന്ന് ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായ എൻ.എ മുഹമ്മദ്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മന്ത്രി ശശീന്ദ്രനെ പിന്തുണയ്ക്കുന്ന പി.സി ചോക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പാർട്ടിയുടെ കൊടിയും ചിഹ്നവും പേരും ഉപയോഗിക്കാനാവില്ലെന്നും അജിത് പവാർ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ഇടതു മുന്നണിക്കൊപ്പമാകും പാർട്ടിയുടെ സ്ഥാനമെന്നും എൻ.എ മുഹമ്മദ് കുട്ടി പറഞ്ഞു.
എന്നാൽ, ഒരേസമയം മോഡിയും അമിത് ഷായും നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്കൊപ്പം നിൽക്കുന്ന ഘടകകക്ഷികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകാത്ത സ്ഥിതിയാണ് പിണറായി സർക്കാറിനും ഇടതു മുന്നണിക്കുമുണ്ടാവുക. കർണാടകയിൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് ബി.ജെ.പി യിലേക്ക് കൂടുമാറിയതോടെ കേരളത്തിൽ ജെ.ഡി.എസ് മന്ത്രിതന്നെ വലിയ തലവേദനയായി പിണറായി സർക്കാറിന് മാറിയതിന് പിന്നാലെയാണ് എൻ.ഡി.എ മുന്നണിയിലുള്ള എൻ.സി.പിയും ഇടതുമുന്നണിക്കും സർക്കാറിനും പുതിയ കീറാമുട്ടിയാകുന്നത്.