പുല്‍പള്ളി- പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സൗത്ത് വയനാട് ഡി. എഫ്. ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടും.
അളമുട്ടിയ ജനം വനം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനെത്തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ സുരഭിക്കവലയിലാണ് ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും കടുവാ പ്രശ്നം പരിഹരിക്കാതെ വനപാലകരെ മോചിപ്പിക്കില്ലെന്നു ജനപ്രതിനിധികള്‍ ശഠിച്ചു. ഇതിനു പിന്നാലെ ബത്തേരി, കേണിച്ചിറ, പുല്‍പള്ളി എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ പോലീസ് എത്തി. ഉച്ച കഴിഞ്ഞ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമായി സുരഭിക്കവല ഗ്രന്ഥശാലയില്‍ നടത്തിയ ചര്‍ച്ചിയില്‍ കടുവയെ മയക്കുവെടിവെച്ച് പിടിക്കുന്നതിനു അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുലഭിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
കടുവയെ മയക്കുവെടിവെച്ച് പിടിക്കുന്നതിന് അനുമതിക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കുമെന്ന് ഡി. എഫ്. ഒ അറിയിച്ചതായി മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിജയന്‍ പറഞ്ഞു. കടുവാ ഭീഷണിയുള്ള സുരഭിക്കവല, ആലത്തൂര്‍, താന്നിത്തെരുവ്, പച്ചക്കറിമുക്ക്, വടാനക്കവല പ്രദേശങ്ങളില്‍ വനം- പോലീസ് നിരീക്ഷണം ശക്തമാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
വനം വകുപ്പിന്റെ രണ്ടും പോലീസിന്റെ ഒന്നും സംഘം പ്രദേശങ്ങളില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തും. വാഹന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വിദ്യാലയത്തിലേക്കും തിരിച്ചും യാത്രയ്ക്ക് വനം വകുപ്പ് സൗകര്യം ഒരുക്കും. കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് അപേക്ഷ നല്‍കുന്നതിന്റെ തൊട്ടടുത്ത ദിവസം നഷ്ടപരിഹാരം ലഭ്യമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി. ഡി. സജി, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, പഞ്ചായത്തംഗങ്ങളായ ഷിനു കച്ചിറയില്‍, ജോസ് നെല്ലേടം, ചന്ദ്രബാബു, പി. എസ്. കലേഷ്, ഷിജോയ് മാപ്ലശേരി, പി. കെ. ജോസ്, ഷൈജു പഞ്ഞിത്തോപ്പില്‍, സമരസമിതി നേതാക്കളായ ജോബി കരോട്ടുകുന്നേല്‍, സി. പി. വിന്‍സന്റ്, സാബു അബ്രഹാം, ലിയോ കൊല്ലവേലില്‍, ശിവരാമന്‍ പാറക്കുഴി, ഷിനോ കടുപ്പില്‍, ലിസി സാബു, പി. എ. മുഹമ്മദ്, റോയ് നടക്കല്‍, ജോബീഷ് കോനാട്ട്, സുനില്‍ പാലമറ്റം, ആന്റണി പൂത്തോട്ടായില്‍, വില്‍സന്‍ മൂലക്കാട്ട്, ഒ. ആര്‍. രഘു, മനോജ് ഉതുപ്പാന്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.