കോഴിക്കോട്- ഗ്യാൻവാപി മസ്ജിദിനെക്കുറിച്ച് ഇന്ന് വ്യാപകമായി ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം യഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കള്ളങ്ങളാണെന്ന് വാരാണസി മുഫ്തിയും ഗ്യാൻവാപി മസ്ജിദ് ഇമാമും ഖത്വീബുമായ മൗലാനാ അബ്ദുൽ ബാത്വിൻ നുഅ്മാനി പറഞ്ഞു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായുള്ള നീക്കങ്ങളും ഇതിന് തുണയായിട്ടുണ്ട്. നന്ദിരൂപത്തെ മന്ദിറിനു നേരെ തിരിക്കുന്നതിനു പകരം മസ്ജിദിനു നേരെ തിരിച്ചു വെച്ചത് ഇതിനൊരുദാഹരണമാണ്. ഇങ്ങനെ പലതുണ്ട്.
ഇതു പോലെ തൊട്ടടുത്തെ ജീർണത കാരണം പൊളിഞ്ഞ ക്ഷേത്രത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ പള്ളിയുടെ നിലവറയിൽ ഉണ്ടായിരുന്നു. ഇതാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തിയപ്പോൾ ക്ഷേത്രത്തിന്റെ തകർത്ത അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന നിരീക്ഷണത്തിൽ എത്തിയത്. അതുപോലെ വുളുഖാന ശിവലിംഗമല്ല എന്ന് തെളിയിക്കാൻ ഞങ്ങൾ തയ്യാറായെങ്കിലും കോടതി സീൽ ചെയ്തു. സുലൈമാൻ ഭോജ്പൂരി എന്ന പണ്ഡിതനാണ് ഗ്യാൻവാപി മസ്ജിദിന് തറക്കല്ലിട്ടത്. പിന്നീട് അക്ബർ ചക്രവർത്തി അത് ഏറ്റെടുത്ത്, ദീൻ ഇലാഹി കേന്ദ്രമാക്കി. പിന്നീട് ഔറംഗസീബ് ചക്രവർത്തിയാണ് വീണ്ടും മസ്ജിദാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിനു വേണ്ടിയുള്ള ജനാധിപത്യരീതിയിലുള്ള നിയമപോരാട്ടം വരും കാലത്തും തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച റാലിക്കു ശേഷമുള്ള സഹോദര്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സഅദത്തുല്ലാഹ് ഹുസൈനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുശുക്കൂർ ഖാസിമി, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുർറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാൽ, വി.എച്ച് ആലിയാർ ഖാസിമി, പി.സുരേന്ദ്രൻ, എൻ.പി. ചെക്കുട്ടി, കെ.കെ. ബാബുരാജ്, ബാബുരാജ് ഭഗവതി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, പി.ടി.പി. സാജിദ എന്നിവർ പ്രസംഗിച്ചു. ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.