Sorry, you need to enable JavaScript to visit this website.

'മണിച്ചിത്രത്താഴ്' പിറന്ന ആലുംമൂട്ടിൽ മനയ്ക്ക് പുതിയ ഭംഗി

ആലുംമൂട്ടിൽ മന.

ആലപ്പുഴ- മോഹൻലാലും ശോഭനയും തകർത്തഭിനയിച്ച മണിച്ചിത്രത്താഴ് പിറവിയെടുക്കാൻ കാരണമായ ആലുംമൂട്ടിൽ മന പുതിയ ഭംഗിയിൽ. ഹരിപ്പാട് മുട്ടം ആലുംമൂട്ടിൽ കുടുംബാംഗമായ കഥാകൃത്ത് മധുമുട്ടം തന്റെ കുടുംബത്തിന്റെ ചരിത്ര പശ്ചാത്തലമാണ് മണിച്ചിത്രത്താഴിന് ഇതിവൃത്തമാക്കിയത്. പേരും പ്രശസ്തിയുമാർജിച്ച മനയ്ക്ക് ഇപ്പോൾ നവീകരണത്തിലൂടെ പുതുമ കൈവന്നിരിക്കുകയാണ്. മണിച്ചിത്രത്താഴിലെ തെക്കിനിയും നാലുകെട്ടും പത്തായപ്പുരയുമെല്ലാം യാഥാർഥ്യമായിരുന്നെങ്കിലും നാഗവല്ലിയും സണ്ണിയുമൊക്കെ ഭാവനാസൃഷ്ടിയാണെന്ന് കഥാകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മണിച്ചിത്രത്താഴിലെ കഥയെയാണ് മന സ്വാധീനിച്ചതെങ്കിൽ രക്തസാക്ഷികൾ സിന്ദാബാദ് ഉൾപ്പെടെ അനേകം സിനിമകൾ ഇവിടെ ചിത്രീകരിക്കപ്പെട്ടു. പഴമയുടെ തനിമ ഒട്ടും ചോരാതെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലുംമൂട്ടിൽ മന പുനരുദ്ധാരണം നടത്തിയിരിക്കുന്നത്. ഉൾഭാഗത്ത് ആധുനികമായ കുറച്ച് സൗകര്യങ്ങൾ പഴമ നിലനിർത്തി തന്നെ വരുത്തിയിട്ടുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രത്തിലും നിർണായകസ്ഥാനമുള്ളതാണ് ആലുംമൂട്ടിൽ മന. രണ്ടുവർഷം മുൻപാണു പുനരുദ്ധാരണം തുടങ്ങിയത്. മനയ്‌ക്കൊപ്പം നാനൂറ് വർഷത്തിലേറെ പഴക്കമുള്ള നാലുകെട്ടും പത്തായപ്പുരയുമുണ്ട്. ഇവയും പൗരാണികത നിലനിർത്തി സംരക്ഷിക്കുന്നുണ്ട്. ഇതിൽ നാലുകെട്ടിന്റെ പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. ആറു മാസത്തിനകം ഇതുകൂടി പൂർത്തിയാക്കി മന ഉൾപ്പെടുന്ന സമുച്ചയം ചരിത്രം അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്കായി തുറന്നുകൊടുക്കാനാണ് ആലുംമൂട്ടിൽ തറവാട് ട്രസ്റ്റിന്റെ തീരുമാനം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ഏറ്റവുംവലിയ നികുതിദായകർ ആലുംമൂട്ടിൽ കുടുംബമാണ്. 
1904ൽ കൊച്ചുകുഞ്ഞു ചാന്നാരുടെ മേൽനോട്ടത്തിലാണ് ആലുംമൂട്ടിൽ മനയുടെ പണി തുടങ്ങിയത്. 1906ൽ പൂർത്തിയാക്കി. രണ്ടുനിലയും തട്ടിൻപുറവും ഉൾപ്പെടുന്നതാണു മന. ഒരുനിലയിൽ 3,000 ചതുരശ്രയടി വിസ്തീർണമുണ്ട്. മലബാറിലെ നെട്ടൂരിൽനിന്നുള്ള വിദഗ്ധരായ ശിൽപികളാണ് നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. 
ഭാരതീയ വാസ്തുവിദ്യാരീതിക്കൊപ്പം പോർച്ചുഗീസ് ശൈലിയുടെ സ്വാധീനവുമുണ്ടായി. മഹാപ്രളയകാലത്തെ കനത്തമഴയിൽ മന നിലംപൊത്താവുന്ന സ്ഥിതിയിലായി. തുടർന്നാണ്, അവകാശികൾ ചേർന്ന് സംരക്ഷിക്കാൻ രംഗത്തിറങ്ങിയത്. കേടായ തടികളും കൽക്കെട്ടും മാറ്റുകയും അല്ലാത്തവ നിലനിർത്തുകയുംചെയ്ത് മന സംരക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. പണി തുടങ്ങിയപ്പോഴേക്കും നിലംപൊത്തി. തുടർന്നാണ്, പഴയ ഉരുപ്പടികളെല്ലാം മാറ്റി, അതേ രീതിയിൽ പുനർനിർമിക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ കാരണവർകൂടിയായ ട്രസ്റ്റി ഡോ. എം. ശിവദാസൻ ചാന്നാരാണു നിർമാണച്ചെലവ് പൂർണമായും വഹിക്കുന്നത്.

Latest News