കോട്ടയം-മലയാള ചലച്ചിത്ര രംഗത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ന്യൂദൽഹി സിനിമക്ക് രണ്ടാം ഭാഗം വൈകാതെ. മമ്മൂട്ടി മാധ്യമപ്രവർത്തകനായി അഭിനയിച്ച ന്യൂദൽഹിയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നത് ഗൗരവമായി ആലോചിക്കുകയാണെന്ന് ജൂബിലി പിക്‌ച്ചേഴ്‌സ് ഉടമയും നിർമാതാവുമായ ജോയ് തോമസ് അറിയിച്ചു. ഇതിനായുളള പ്രാഥമിക ജോലികൾ ആരംഭിച്ചു. എല്ലാം അനുകൂലമായാൽ രണ്ടു വർഷത്തിനകം റിലീസ് ചെയ്യും. മെഗാ ബിഗ് ബജറ്റ് ചിത്രമായിരിക്കും ന്യൂദൽഹി രണ്ടാം ഭാഗം. ആദ്യ ഭാഗം ഹിന്ദിയും തെലുങ്കും ഉൾപ്പടെയുളള ഭാഷകളിലേക്ക് മൊഴി മാറ്റിയിരുന്നു. അന്നത്തെ അതേ താര നിരയ്ക്കാണ് ശ്രമം. മമ്മൂട്ടിയുമായി ആശയവിനിമയം നടത്തി. ഉർവശി. സുമലത, സുരേഷ് ഗോപി,ത്യാഗരാജൻ, ദേവൻ സിദ്ദിഖ്, വിജയരാഘവൻ, എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ.
കോട്ടയത്ത് മാധ്യമ പ്രവർത്തകരുമായി അനൗപചാരിക ആശയവിനിമയത്തിലാണ് തന്റെ മനസിലുള്ള പ്രോജക്ടിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ന്യൂദൽഹിയുടെ കഥയിൽ ഒരുപാട് കാര്യങ്ങൾ കോർത്തിണക്കാനുണ്ട്. ത്യാഗരാജൻ ഉൾപ്പടെ വില്ലൻമാർ എല്ലാം കൊല്ലപ്പെട്ടിരുന്നു. പുതിയ കാലഘട്ടതിന് അനുസൃതമായി ജേണലിസത്തിലും കഥാപാത്രത്തിലും മാറ്റം വരുത്തണം. ജെമിനി ലാബിൽ ഉള്ള നെഗറ്റീവ് എടുത്ത് എഐ ക്യാമറ സംവിധാനത്തിലൂടെ റീ ഷൂട്ട് ചെയ്യണം.സുരേഷ് ഗോപിയുടെ പുതിയ വോയിസ് ഡബ് ചെയ്യണം. പ്രാഥമികമായി ഇതെല്ലാം ചെയ്ത ശേഷം വേണം പുതി കഥയ്ക്കും തിരക്കഥയ്ക്കും രൂപം നൽകാൻ. മാധ്യമപ്രവർത്തകൻ ആയി വേഷമിടുന്നത് മമ്മൂട്ടിയായിരിക്കും. മറ്റ് അഭിനേതാക്കളുടെ കാര്യം നടപടികൾ പുരോഗമിക്കുന്നത് അനുസരിച്ച് തീരുമാനിക്കും.