ജിദ്ദ - കഴിഞ്ഞ വർഷം പെട്രോളിതര വരുമാനത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം യഥാർഥ ബജറ്റ് ധനവിനിയോഗം 1,293.2 ബില്യൺ റിയാലും വരുമാനം 1,212.3 ബില്യൺ റിയാലും കമ്മി 80.95 ബില്യൺ റിയാലുമാണ്. ധനമന്ത്രാലയം നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1,275 ബില്യൺ റിയാൽ ധനവിനിയോഗവും 1,193 ബില്യൺ റിയാൽ വരുമാനവും 82 ബില്യൺ റിയാൽ കമ്മിയുമായിരുന്നു.
2022 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നാലാം പാദത്തിൽ എണ്ണ വരുമാനം 28 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം എണ്ണ വരുമാനത്തിൽ മൊത്തത്തിലുണ്ടായ കുറവ് നികത്തുന്നതിൽ പെട്രോളിതര വരുമാനം പ്രധാന പങ്ക് വഹിച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 വിജയകരമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 11.37 ശതമാനം തോതിൽ വർധിച്ചു. ആകെ വരുമാനത്തിന്റെ 37.7 ശതമാനമായി എണ്ണയിതര വരുമാനം വർധിച്ചു.
കഴിഞ്ഞ വർഷം പെട്രോളിതര മേഖലയിൽ 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി സൗദി അറേബ്യ എണ്ണയുൽപാദനം കുറക്കുകയും സ്വമേധയാ ഉൽപാദനത്തിൽ അധിക കുറവ് വരുത്തുകയും ചെയ്തതിന്റെ ഫലമായി എണ്ണ മേഖലാ വരുമാനത്തിലുണ്ടായ കുറവിന്റെ പ്രത്യാഘാതം പരിമിതപ്പെടുത്താൻ പെട്രോളിതര മേഖലാ വളർച്ച സഹായിച്ചു. പൗരന്മാർക്കും വിദേശികൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ജീവിത നിലവാരവും ഉയർത്താൻ സഹായിക്കുന്ന പ്രധാന മേഖലയെന്നോണം ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കുള്ള പിന്തുണ സർക്കാർ തുടർന്നു. കഴിഞ്ഞ കൊല്ലം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ബജറ്റിൽ നിന്ന് ആകെ 428.16 ബില്യൺ റിയാൽ ചെലവഴിച്ചു.
കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 178.6 ഉം രണ്ടാം പാദത്തിൽ 179.7 ഉം മൂന്നാം പാദത്തിൽ 147 ഉം നാലാം പാദത്തിൽ 249.2 ഉം ബില്യൺ റിയാലായിരുന്നു എണ്ണ വരുമാനം. എണ്ണ വരുമാനം ആകെ 754.5 ബില്യൺ റിയാലായിരുന്നു. ആദ്യ പാദത്തിൽ 102.3 ഉം രണ്ടാം പാദത്തിൽ 135 ഉം മൂന്നാം പാദത്തിൽ 111.5 ഉം നാലാം പാദത്തിൽ 108.7 ഉം ബില്യൺ റിയാൽ അടക്കം കഴിഞ്ഞ കൊല്ലം പെട്രോളിതര വരുമാനം 457.72 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വരുമാന നികുതി, മൂലധന വരുമാന ഇനത്തിൽ 38.6 ഉം ചരക്ക്, സേവന നികുതി വരുമാന ഇനത്തിൽ 262.47 ഉം അന്താരാഷ്ട്ര വ്യാപാര, ഇടപാട് നികുതി ഇനത്തിൽ 22.1 ഉം മറ്റു നികുതി ഇനങ്ങളിൽ 33.37 ഉം മറ്റു വരുമാനങ്ങളായി 101 ഉം ബില്യൺ റിയാൽ പൊതുവരുമാനം ലഭിച്ചതായി ധനമന്ത്രാലയം അറിയിച്ചു.