ജിദ്ദ- ഉത്തരേന്ത്യയിൽ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഭയമാണ് അടക്കി ഭരിക്കുന്നതെന്നും എന്നാൽ ആ മേഖലകളിൽ ന്യൂനപക്ഷ-മതേതര രാഷ്ട്രീയ ചേരി ശക്തിപ്രാപിക്കുമെന്നും മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷിബു മീരാൻ അഭിപ്രായപ്പെട്ടു. സൗദിയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഷിബു മീരാൻ മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായി നടത്തുന്ന സന്ദർശനങ്ങളിൽ കാണുന്ന കാര്യങ്ങൾ ഏറെ ദുഖിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുസ്ലിം ലീഗ് കാണിച്ച രാഷ്ട്രീയ മാതൃകയാണ് ഉത്തരേന്ത്യയിലും മുസ്ലിംകളും ന്യൂനപക്ഷങ്ങളും സ്വീകരിക്കേണ്ടത്. ആ മേഖലകളിലെ മുസ്ലിം-ന്യൂനപക്ഷ സ്വാധീനം തീരെ ചെറുതല്ല. യഥാർത്ഥ രാഷ്ട്രീയ ബോധവും വിദ്യാഭ്യാസവും നൽകിയാൽ ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിയെ നിർണായകമായി സ്വാധീനിക്കുക തന്നെ ചെയ്യും. ദൗർഭാഗ്യവശാൽ അത്തരത്തിലൊരു നീക്കം കാലങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായിട്ടില്ല. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഇത് ഏറെ ഫലപ്രദമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങളിലാണ് യൂത്ത് ലീഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് ജയിക്കുന്നുണ്ട്. മീററ്റ് കോർപ്പറേഷനിൽ 28 വർഷങ്ങൾക്ക് ശേഷം മുസ്ലീം ലീഗിന് അംഗമുണ്ടായി. കോണി ചിഹ്നത്തിലാണ് അവിടെ മത്സരിച്ച് ജയിച്ചത്. ഭയപ്പെട്ടു ജീവിക്കുന്നവർക്ക് ധൈര്യം നൽകുക എന്നതിലാണ് ആദ്യശ്രദ്ധ. ബുൾഡോസർ രാഷ്ട്രീയം ആ മേഖലയിലെ മുസ്ലിംകളെ ഭയപ്പെടുത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് സമ്പാദ്യവും വീടുമെല്ലാം നിലംപരിശാക്കുന്നത്. അതുവരെ വീടുകളിൽ താമസിച്ചിരുന്നവർ തെരുവിലേക്കെറിയപ്പെടുന്നു. ഭയപ്പെടാതെ അവരെന്ത് ചെയ്യാനാണെന്നും ഷിബു മീരാൻ ചോദിച്ചു.
സർ സയ്യിദ് അഹമ്മദ് ഖാൻ അടക്കമുള്ള പരിഷ്‌കർത്താക്കളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തുടർച്ച ഉത്തരേന്ത്യയിൽ ഉണ്ടായില്ല. അഹമ്മദ് ഖാന്റെ സ്വാധീനം കിലോമീറ്ററുകൾക്കിപ്പുറമുള്ള കേരളത്തിലാണ് അലയടിച്ചത്. തീവ്രമായ പ്രസംഗങ്ങൾ നടത്തി സമുദായാംഗങ്ങളെ ഉൾപ്പുളകം കൊള്ളിക്കാം എന്നതിൽ കവിഞ്ഞുള്ള ഒന്നിനും ആ മേഖലയിൽ മുസ്ലിം നേതാക്കളിൽ പലർക്കും കഴിഞ്ഞതുമില്ല. ഉത്തരേന്ത്യയിൽ സ്വാധീനമുള്ള മുസ്ലിംകൾ സംഘ്പരിവാറുമായി രജ്ഞിപ്പിലെത്തുകയാണ്. അസദുദ്ദീൻ ഉവൈസിയെ പോലെയുള്ള നേതാക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സല്ല. ജനങ്ങളെ ആവേശം കൊള്ളിക്കാൻ സാധിക്കും. അത് എളുപ്പമാണ്. എന്നാൽ പൊളിറ്റിക്കൽ വിഷൻ ജനങ്ങൾക്ക് കൈമാറുന്നതേയില്ല. കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ ശക്തികളെ ദുർബലപ്പെടുത്താനാണ് ഉവൈസി ആത്യന്തികമായി ശ്രമിക്കുന്നത്. യു.പി, ബിഹാർ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലെല്ലാം മതേതര ചേരിക്ക് എതിരായിരുന്നു ഉവൈസിയുടെ നീക്കം. അതേസമയം, തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന് അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിക്കുകയും ചെയ്തു. ഗുജറാത്തിൽ ഉവൈസിയുടെ സംസ്ഥാന നേതാവ് ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായിരുന്നുവെന്നും ഷിബു മീരാൻ പറഞ്ഞു.
അതേസമയം, ഇത്രയൊക്കെ പ്രതികൂല സഹചര്യങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യയിൽ മാറ്റത്തിന്റെ സൂചനകൾ കണ്ടു തുടങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതുക്കെയാണെങ്കിലും മുസ്ലിം-ന്യൂനപക്ഷ ശാക്തീകരണം ആ മേഖലയിൽ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായി മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും വിപ്ലവത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് ന്യൂനപക്ഷ മതേതര ചേരിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഷിബു മീരാൻ വ്യക്തമാക്കി. യൂത്ത് ലീഗ് അഖിലേന്ത്യ കമ്മിറ്റിയിലെ നിര്‍വാഹക സമിതി അംഗം സി.കെ ഷാക്കിറും ഷിബു മീരാനൊപ്പമുണ്ടായിരുന്നു.