പത്തനംതിട്ട - ബന്ധുവിന്റെ കിടപ്പുമുറിയില്‍ കടന്ന് കമ്പിപ്പാരകൊണ്ട് അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ മൂഴിയാര്‍ പോലീസ് പിടികൂടി. സീതത്തോട് ആങ്ങമൂഴി വടക്കേക്കര കാരയ്ക്കല്‍ വീട്ടില്‍ മഹേഷ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധുവായ ആങ്ങമൂഴി കൊച്ചാണ്ടി തെക്കേക്കര കാരക്കല്‍ അജികുമാറിനെയാണ് കൊലപ്പെടുത്തിയത്. അജികുമാറിന്റെ മകന്‍ അരുണിന്റെ മൊഴിപ്രകാരം കേസെടുത്ത മൂഴിയാര്‍ പോലീസ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സംഭവസ്ഥലത്തുനിന്നും ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം, ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദേശത്തെതുടര്‍ന്ന് പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. മകന്റെ മൊബൈല്‍ ഫോണിലേക്ക് തിങ്കളാഴ്ച്ച മഹേഷ് വിളിച്ച നമ്പരിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്, ജില്ലാപോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ഫലം കണ്ടത്. പ്രതി കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കിയ പോലീസ് സംഘം ചൊവ്വാഴ്ച്ച രാവിലെ 4 മണിയോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി തെരച്ചില്‍ നടത്തി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ പ്രതി അവിടെ നിന്നും പമ്പ ബസ്സില്‍ കയറാന്‍ ശ്രമിച്ചതായി കണ്ട് പിടികൂടുകയായിരുന്നു. തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും, തുടര്‍ന്ന് മൂഴിയാര്‍ പോലീസ് സ്‌റ്റേഷനിലുമെത്തിക്കുകയായിരുന്നു.
പ്രതിയുടെ ഭാര്യയെപ്പറ്റി കൊല്ലപ്പെട്ട അജികുമാര്‍ നിരന്തരം അപവാദം പറഞ്ഞുനടന്നതിന്റെ വിരോധത്താലാണ് ആക്രമിച്ചുകൊന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.