ഇടതു ഭീഷണി, പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ നിയമിച്ച സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി - സി പി എമ്മില്‍ നിന്നും പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ നിന്നുമുള്ള ഭീഷണിക്കെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത ഏഴ് സെനറ്റ്  അംഗങ്ങളാണ്  പോലീസ് സുരക്ഷ ആവശ്യപ്പെട്ടത്. സി പി എം, എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിര്‍വഹിക്കാന്‍ പോലീസ് സുരക്ഷ വേണെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ്  യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെ വി മഞ്ജു, പി.എസ് ഗോപകുമാര്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചുമതല നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പോലീസ് നിഷ്‌ക്രിയരാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്കെതിരായുണ്ടായ  പ്രതിഷേധവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയില്‍ പോലീസ് നിലപാട് തേടിയ കോടതി കേസ്  നാളെ വീണ്ടും പരിഗണിക്കും.

 

Latest News