ദുബായ്- ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും സാധാരണക്കാര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കാനും മധ്യപൗരസ്ത്യദേശത്ത് സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെ നോക്കാനും നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്‍ഗണന നല്‍കണമെന്ന് യു.എ.ഇയും തുര്‍ക്കിയും ആവശ്യപ്പെട്ടു. ഗാസയില്‍ പര്യാപ്തമായ അളവില്‍ സുസ്ഥിരമായി റിലീഫ് വസ്തുക്കള്‍ എത്തുന്നത് ഉറപ്പാക്കണം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ദുബായില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗാസ വെടിനിര്‍ത്തലിന് നടപടികള്‍ സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചത്. ഗാസയിലെയും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കാതെ ഇസ്രായിലിന് ഒരിക്കലും സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ സാധിക്കില്ലെന്ന് ദുബായില്‍ വേള്‍ഡ് ഗവണ്‍മെന്റ്‌സ് ഉച്ചകോടിയില്‍ പങ്കെടുതത്ത് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രായില്‍ അംഗീകരിക്കണം. ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിക്കെതിരായ കുത്സിത പ്രചാരണങ്ങള്‍ അപലപനീയമാണ്. ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യു.എന്‍ ഏജന്‍സിക്കുള്ള സഹായവും പിന്തുണയും വര്‍ധിപ്പിക്കണം.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മേഖലയില്‍ സുരക്ഷയിലേക്കും സമാധാനത്തിലേക്കുമുള്ള പാത ആരംഭിക്കും. മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്തം വഹിക്കാന്‍ തുര്‍ക്കി ഒരുക്കമാണ്. ഗാസ യുദ്ധത്തില്‍ ഇതിനകം 28,000 നിരപരാധികള്‍ വീരമൃത്യുവരിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തില്‍ 70,000 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പതിനഞ്ചു ലക്ഷത്തിലേറെ ഫലസ്തീനികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഗാസയിലെത്തിക്കാന്‍ തുര്‍ക്കി ഇതിനകം 34,000 ടണ്‍ റിലീഫ് വസ്തുക്കള്‍ അയച്ചിട്ടുണ്ട്. അധിനിവിഷ്ട ഫലസ്തീനില്‍ മാനവികക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കുള്ള മുഴുവന്‍ പേരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലോകത്ത് സ്വീകരിക്കുന്ന എല്ലാ മനുഷ്യാവകാശ നടപടികളെയും തുര്‍ക്കി പിന്തുണക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
അതേസമയം, ഇസ്രായില്‍ ഗവണ്‍മെന്റിന്റെ ചെയ്തികള്‍ കാരണം ഇസ്രായിലുമായി ചില മേഖലാ രാജ്യങ്ങള്‍, വിശിഷ്യാ ഈജിപ്തും ജോര്‍ദാനും ഒപ്പുവെച്ച കരാറുകള്‍ ഭീഷണിയിലായി മാറിയതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ഇസ്രായിലിന്റെ ചെയ്തികള്‍ മേഖലക്ക് മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുന്നു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ഇല്ലാതാക്കാന്‍ ഒരിക്കലും കഴിയില്ല എന്ന കാര്യം ഇസ്രായില്‍ ചരിത്രത്തില്‍ നിന്ന് പഠിക്കണം. ഗാസയിലെ നിലവിലെ നയങ്ങള്‍ നിര്‍ത്തുന്നതിന് ഇസ്രായിലിനോട് അമേരിക്ക ഉത്തരവിടണം. അല്ലാത്ത പക്ഷം മധ്യപൗരസ്ത്യദേശം അഭൂതപൂര്‍വമായ പൊട്ടിത്തെറിയിലേക്ക് പോകുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.