കൊച്ചി- പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ് ഏഴ് വയസ്സുകാരന് പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാറുടമയായ യുവതിയും ഡ്രൈവറായ യുവാവും പോലീസ് കസ്റ്റഡിയില്‍.
നെടുമ്പാശേരി സ്വദേശി ഷാന്‍, കാറിന്റെ ആര്‍ സി ഓണര്‍ രജനി എന്നിവരെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടം നടന്നിട്ടും കാര്‍ നിര്‍ത്തുകയോ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയോ ചെയ്യാതെ ഓടിച്ചുപോയതിനാണ് കാര്‍ െ്രെഡവര്‍ക്കും കാറിലുണ്ടായിരുന്ന യുവതിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കുട്ടിയെ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് കാര്‍ ഡ്രൈവറും ഉടമയും നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലാണ്.
ആലുവ പെരുമ്പാവൂര്‍ റോഡില്‍ കുട്ടമശേരി ആനിക്കാട് കവലയില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് അപകടം സംഭവിച്ചത്. വാഴക്കുളം പ്രേംനിവാസില്‍ പ്രിജിത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരിക്കൊപ്പം യാത്ര ചെയ്തിരുന്ന നിഷികാന്ത് എന്ന കുട്ടിയാണ് ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീണത്. ഓട്ടോറിക്ഷയില്‍ നിന്ന് റോഡില്‍ തെറിച്ചുവീണാണ് പരിക്കേറ്റതെന്നാണ് പിതാവ് അടക്കമുള്ളവര്‍ കരുതിയത്. ഓട്ടോ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി വരുമ്പോള്‍ കു്ട്ടി പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്നു. സമീപത്തെ സി സി ടി വി ദൃശ്യത്തില്‍ നിന്നാണ് തൊട്ടുപിന്നാലെ അതിവേഗത്തില്‍ വന്ന കാര്‍ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി പോയത് ശ്രദ്ധയില്‍ പെടുന്നത്.
അപകടം നടന്നയുടനെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമി ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതനാല്‍ രാജഗിരി ആശുപത്രിയിലെത്തിച്ചു. ആന്തരാവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിലാണ്.
സംഭവം നടന്നയുടനെ ആലുവ ഈസ്റ്റ് പോലീസിനെ അറിയിച്ചെങ്കിലും അടിയന്തര ഇടപെടല്‍ നടത്തിയില്ലെന്നും സ്ഥലത്ത് വന്നു നോക്കുക പോലും ചെയ്തില്ലെന്നും നാട്ടുകാര്‍ പറയുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.