Sorry, you need to enable JavaScript to visit this website.

മലയാളികളടക്കം 25 ഇന്ത്യക്കാര്‍ ജയില്‍ മോചിതരമായി നാട്ടിലേക്ക് മടങ്ങി

ദമാം- നിയമലംഘന കേസുകളില്‍ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം ഇരുപത്തി അഞ്ചു  ഇന്ത്യക്കാര്‍ ദമാം തര്‍ഹീലില്‍നിന്ന് എക്‌സിറ്റ് അടിച്ചു നാട്ടിലേക്ക് മടങ്ങി. കേരളം, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഹുറൂബ്, മത്‌ലൂബ്, തുടങ്ങിയ നിരവധി നിയമ ലംഘന കേസ്സുകളില്‍ ഉള്‍പ്പെട്ട് ജയിലിലായവർക്ക് സാമൂഹ്യ പ്രവര്‍ത്തകരായ വെങ്കിടേഷിന്റെയും നാസ് വക്കത്തിന്റെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടൽ സഹായകമായി.
വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഇവരില്‍ കൂടുതലും ഹുറൂബുകാരാണ്. മറ്റു ചിലരാകട്ടെ സ്‌പോണ്‍സര്‍മാരുമായി ഇടഞ്ഞ ഇവര്‍ക്കെതിരെ കേസുകള്‍ നല്‍കിയതോടെ മത്‌ലൂബ് ആയവരും ഉണ്ട്. ഇതില്‍ പലരും വ്യാജ ഹുറൂബില്‍ അകപ്പെട്ടവരാണെങ്കിലും നിയമപരമായി ലേബര്‍ കോടതികളില്‍ കേസ് തെളിയിക്കാന്‍ കഴിയാതിരുന്നത്  വിനയാകുകയായിരുന്നു. ഇതില്‍ പലരും ഹൃദയ സംബന്ധമായും പ്രമേഹത്താലും മറ്റു വിവിധ രോഗങ്ങള്‍ കൊണ്ടും കഷ്ടപ്പെട്ടവരായതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ തര്‍ഹീല്‍ അധികൃതരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് പോകാനായത്. .
 
സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്തതിന്റെ പേരില്‍ പിടിയിലായവരും മദ്യം കഴിച്ചതിന്റെ പേരില്‍ പോലീസ് പിടിക്കപ്പെട്ടവരും മറ്റിതര കേസുകളില്‍ ഉള്‍്‌പ്പെട്ടവരുമടക്കം നൂറു കണക്കിന് ഇന്ത്യക്കാര്‍ ദമാം ജയിലില്‍ കഴിയുന്നുണ്ടെന്നും  ഇതില്‍ പലരും വിവിധ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയാണെന്നും ജയില്‍ മോചിതരായവര്‍ പറയുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ ഹാരിഫ് മഖ്ബൂല്‍, കമാല്‍ ബാഷ, സീനി മുഹമ്മദ്, എന്നിവര്‍ ഇവരുടെ ജയില്‍ മോചനത്തിനും തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടുന്നതിനും വിവിധ ഘട്ടങ്ങളില്‍ സഹായം നല്‍കി.
ദമാം തമിഴ്‌നാട് വെല്‍ഫെയര്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ദമാമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇവര്‍ക്കുള്ള യാത്ര രേഖകളും ടിക്കറ്റും കൈമാറി. എന്‍ ആര്‍ ടി എ സൗദി പ്രസിഡണ്ട് പ്രേം നാഥ് മുഖ്യാതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു.  

 

 

 

Latest News