പാലക്കാട്- വ്യവസായ മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ ചുമതല ഏൽപ്പിച്ചതിനെതിരെ പ്രതിഷേധവുമായി വി.ടി ബൽറാം എം.എൽ.എ. നൂറ് ദിവസം പോലും തികച്ച് ഭരണപരിചയം ഇല്ലാത്ത, ഉള്ള പരിചയമാണെങ്കിൽ അത്ര അഭിമാനകരമല്ലാത്ത, ഒരാൾക്ക് തന്നെ ഇത്ര നിർണ്ണായക സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല നൽകിയതിലെ ഔചിത്യക്കുറവ് സി.പി.എമ്മിന് മനസ്സിലാവാത്തതാണോ എന്ന് ബൽറാം ചോദിച്ചു. അത്രക്കും ടാലന്റ് ഡെഫിസിറ്റ് ഈ മന്ത്രിസഭക്കുണ്ടെന്ന് വിമർശകർ പോലും പറയുമെന്ന് കരുതുന്നില്ല. ഞങ്ങടെ പാർട്ടി, ഞങ്ങടെ സർക്കാർ, ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ തീരുമാനിക്കും എന്നാണ് നിലപാടെങ്കിൽ പിന്നെ ഒന്നും പറയാനില്ല.-ബൽറാം ഫെയ്‌സ്ബുക്കിൽ പറഞ്ഞു.
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതല ഇ.പി ജയരാജനാണ് നൽകിയത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ജയരാജൻ ബന്ധുനിയമന വിവാദത്തിൽ പെട്ട് രാജിവെച്ചിരുന്നു. കഴിഞ്ഞമാസമാണ് മന്ത്രിസഭയിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചുമതലയും ലഭിച്ചു.