Sorry, you need to enable JavaScript to visit this website.

സ്‌കൂളില്‍ രാത്രി ബി ജെ പി പ്രവര്‍ത്തകരുടെ പൂജ, വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി


കോഴിക്കോട് - കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. കുന്നുമ്മല്‍ എ ഇ ഒയോടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കുന്നുമ്മല്‍ എ ഇ ഒ അറിയിച്ചു. ഇന്നലെ രാത്രിയാണ് സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെ ബി ജെ പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പൂജ നടത്തിയത്. സംഭവമറിഞ്ഞ് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു. രാത്രി ഏഴ് മണിയോടെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളില്‍ പൂജ പതിവില്ല. സ്‌കൂള്‍ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവര്‍ക്കെതിരെ എ ഇ ഒയ്ക്ക് പരാതി നല്‍കുമെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. 

 

Latest News