ജിസാന്‍ - നുഴഞ്ഞുകയറ്റക്കാരായ 12 എത്യോപ്യക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി പൗരനെ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഈദാബിയില്‍ വെച്ച് സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം പിടികൂടി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്താന്‍ എത്യോപ്യക്കാരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സൗദി പൗരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.
സൗദിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനവും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടവും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും.